ശരൺ വേണുഗോപാൽ സംവിധാനം ചെയ്ത ചിത്രം ‘നാരായണീന്റെ മൂന്നാണ്മക്കൾ’ ജനുവരിയിൽ തിയേറ്ററുകളിലെത്തും. ജനുവരി 16-നാണ് സിനിമ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ എന്നിവരാണ് പോസ്റ്ററിലുള്ളത്. ഇവർ മൂന്നുപേരെയും കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ടുപോകുന്നത്.
ആസിഫ് അലി നായകനായ ചിത്രം കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ഗുഡ്‌വിൽ എന്റർടൈൻമെന്റ് നിർമിക്കുന്ന ചിത്രമാണ് നാരായണീന്റെ മൂന്നാണ്മക്കൾ. തോമസ് മാത്യു, ഗാർഗി അനന്തൻ, ഷെല്ലി, സജിത മഠത്തിൽ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്.
കൊയിലണ്ടി ഗ്രാമവും അവിടെയുള്ള ഒരു തറവാട് വീടുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. രസകരവും ഹൃദയസ്പർശവുമായ മുഹൂർത്തങ്ങളിലൂടെയാണ് കഥ പോകുന്നത്. പ്രൗഢി നിറഞ്ഞ ഒരു തറവാട്ടിലെ കാരണവരായ നാരായണിയമ്മയുടെ മൂന്നാണ്മക്കളുടെ ജീവിതത്തിലെ സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
ഫാമിലി, കോമഡി എന്റർടൈൻമെന്റ് ചിത്രമായാണ് നാരായണീന്റെ മൂന്നാണ്മക്കൾ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. കുടുംബചിത്രമെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്ററാണ് ചിത്രത്തിന്റേതായി നേരത്തെയും പുറത്തെത്തിയത്.