എംടി എന്ന രണ്ടക്ഷരങ്ങൾ കൊണ്ട് മലയാള സാഹിത്യത്തിന്റെ തലവര തന്നെ മാറ്റിമറിച്ച മാടത്തു തെക്കേപ്പാട്ട് വാസുദേവൻ നായർ 1933 ജൂലൈ 15നാണ് ജനിച്ചത്.
നാട്ടിലെ എഴുത്താശാനായിരുന്ന കോപ്പൻ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിൽ തുടങ്ങിയ ആ അക്ഷരോപാസന മലമക്കാവ് എലമെന്ററി സ്കൂളിലും കുമാരനല്ലൂർ ഹൈസ്കൂളിലും, പിന്നീട് പാലക്കാട് വിക്ടോറിയ കോളേജിലേക്കും പടർന്നു. ഈ സാഹിത്യ സാർവ്വഭൗമന്റെ ഐശ്ചികവിഷയം രസതന്ത്രമായിരുന്നു എന്നത് രസാവഹമായ വസ്തുതയാണ്. കോളേജ് വിദ്യാഭ്യാസത്തിനുശേഷം കുറേക്കാലം സ്കൂൾ അധ്യാപകനായി ജോലി ചെയ്തു.
നന്നേ ചെറുപ്പത്തിൽ, സ്കൂളിൽ പഠിക്കുമ്പോൾ തന്നെ, സാഹിത്യരചന നടത്തിയിരുന്ന അദ്ദേഹത്തിന്റെ കഥകൾ, കോളേജ് വിദ്യാഭ്യാസക്കാലത്ത് അന്നത്തെ ജയകേരളം മാസികയിലൂടെ അച്ചടിമഷി പുരണ്ടിരുന്നു. പാലക്കാട് വിക്ടോറിയ കോളേജിൽ പഠിക്കുമ്പോൾ “രക്തംപുരണ്ട മണൽത്തരികൾ” എന്ന ആദ്യ കഥാസമാഹാരം പുറത്തിറങ്ങി.
1954ൽ മാതൃഭൂമി നടത്തിയ കഥാ മത്സരത്തിൽ ഒന്നാം സമ്മാനാർഹമായത് എംടിയുടെ വളർത്തുമൃഗങ്ങൾ എന്ന ചെറുകഥയാണ്. ന്യൂയോർക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ സംഘടിപ്പിച്ച ലോക ചെറുകഥാ മത്സരത്തിന്റെ ഭാഗമായിരുന്നു ഇത്. “വളർത്തു മൃഗങ്ങൾ” മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അച്ചടിച്ചു വന്നു. ഇതോടെ മലയാളത്തിന്റെ സാഹിത്യനഭസ്സിൽ എംടി എന്ന രണ്ടക്ഷര നക്ഷത്രം ഉദിച്ചുയർന്നു എന്ന് തന്നെ പറയണം.
തൊട്ടുപിന്നാലെ ‘പാതിരാവും പകൽവെളിച്ചവും’ എന്ന ആദ്യ നോവൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ചു. എന്നാൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച ആദ്യ നോവൽ 1958ൽ പ്രസിദ്ധീകരിച്ച നാലുകെട്ടാണ്. ആദ്യ നോവലിനു തന്നെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു എന്ന പ്രത്യേകതയുമുണ്ട്. ‘സ്വർഗ്ഗം തുറക്കുന്ന സമയം’, ‘ഗോപുര നടയിൽ’, എന്നീ കൃതികൾക്കും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
എംടിയുടെ സാഹിത്യ സംഭാവനകളിലെ ഏറ്റവും പ്രസിദ്ധ പുസ്തകങ്ങളിൽ “കാലത്തിന്” കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും “രണ്ടാമൂഴത്തിന്” വയലാർ അവാർഡും വാനപ്രസ്ഥത്തിന് ഓടക്കുഴൽ അവാർഡും ലഭിച്ചു. ദീർഘകാലം മാതൃഭൂമിയുടെ പീരിയോഡിക്കൽസ് എഡിറ്ററായി ജോലി ചെയ്തിരുന്ന അദ്ദേഹം നിരവധി എഴുത്തുകാരെ സാഹിത്യ ലോകത്തേക്ക് കൈപിടിച്ചുയർത്തി.1999 -ൽ മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനത്തുനിന്നു വിരമിച്ചു.
1995ലെ ജ്ഞാനപീഠ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. മലയാളസാഹിത്യത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് 1996ൽ കാലിക്കറ്റ് സർവകലാശാല അദ്ദേഹത്തിന് ഡി ലിറ്റ് ബിരുദം നൽകി ആദരിച്ചു. 2005ൽ പത്മഭൂഷൺ നൽകി ഭാരതസർക്കാരിന്റെ ആദരം. കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷനായിരുന്നു. തുഞ്ചൻ സ്മാരക സമിതിയുടെ അധ്യക്ഷനായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു.
വള്ളുവനാടിന്റെയും നിളയുടെയും കഥാകാരനായി ഗണിക്കപ്പെടുന്ന ആളാണ് എം.ടി വാസുദേവൻ നായർ. വറ്റിവരണ്ട് നീർച്ചാലു പോലെയായി മാറിയ ഭാരതപ്പുഴയെയും അതിന്റെ ചുറ്റുമുള്ള ജനപഥങ്ങളെയും കുറിച്ചുള്ള പരിസ്ഥിതി വിഷയകമായ ലേഖനങ്ങൾ കൂടി ഉൾപ്പെട്ട “കണ്ണാന്തളി പൂക്കളുടെ കാലം” എന്ന പുസ്തകം എടുത്തു പറയേണ്ടതാണ്.
നോവലിസ്റ്റ്, കഥാകൃത്ത്, എന്നിവയിൽ നിന്നും മാറി തിരക്കഥാകൃത്ത് എന്ന നിലയിലും അദ്ദേഹം തന്റേതായ ഇടം കണ്ടെത്തി.
സങ്കീർണമായ മനുഷ്യാവസ്ഥകൾക്കും കുടുംബബന്ധങ്ങൾക്കും അഭ്രപാളികളിൽ എംടി നൽകിയ രംഗഭാഷ പലപ്പോഴും മലയാളികളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ‘മുറപ്പെണ്ണ്’ എന്ന സിനിമയ്‌ക്ക് തിരക്കഥ എഴുതിയാണ് അദ്ദേഹം ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്നത്. ഏറെ ശ്രദ്ധേയമായ ‘നിർമാല്യം’ എന്ന ചിത്രത്തിന് രാഷ്‌ട്രപതിയുടെ സ്വർണപ്പതക്കം ലഭിച്ചു.
ആ രചനാ വൈഭവത്തിന് അദ്ദേഹത്തിന് മികച്ച തിരക്കഥയ്‌ക്കുള്ള അവാർഡ് നാല് തവണ ലഭിച്ചു. ഒരു വടക്കൻ വീരഗാഥ 1989, കടവ് 1991, സദയം 1992, പരിണയം 1994 എന്നിവയ്‌ക്കാണ് അദ്ദേഹത്തിന് ദേശീയ അവാർഡ് ലഭിച്ചത്.
ലാറ്റിനമേരിക്കൻ കഥാകാരനായിരുന്ന വിശ്വ സാഹിത്യകാരൻ ഗബ്രിയേൽ ഗാർസിയ മാർക്കേസിനെ കുറിച്ച് മലയാളികൾക്ക് പരിചയപ്പെടുത്തിയ ആദ്യത്തെ ആളുകളിൽ ഒരാൾ എംടി യാണ്. അദ്ദേഹത്തിന്റെ മഹോന്നത കൃതിയായ ഏകാന്തതയുടെ നൂറു വർഷങ്ങളെക്കുറിച്ച് വളരെക്കാലം മുൻപേ തന്നെ എംടി എഴുതിയിരുന്നു.
മറ്റൊരു വിശ്വസാഹിത്യകാരനായിരുന്ന ഏണസ്റ്റ് ഹെമിങ് വേയെക്കുറിച്ച് മലയാളത്തിൽ ഏറ്റവും കൂടുതൽ പഠിച്ചിട്ടുള്ള ആളുകളിൽ ഒരാളാണ് എംടി. ഹെമിങ് വേയുടെ എല്ലാ കൃതികളും വായിച്ച് അദ്ദേഹത്തെ കുറിച്ച് “ഹെമിംഗ്‌വേ ഒരു മുഖവുര” എന്ന പുസ്തകവും എംടി എഴുതുകയും ചെയ്തു. ഹെമിംഗ് വേയുടെ വിളിപ്പേരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മൂത്തമകൾ സിത്താരയ്‌ക്ക് പാപ്പ എന്ന വിളിപ്പേരിട്ടത്. തോമസ് ഹാർഡി, മിലൻ കുന്തേര, ദസ്തയോവ്സ്കി, ടോൾസ്റ്റോയ്, ആന്റൺ ചെക്കോവ്, മോപ്പസാങ്, സോമർ സെറ്റ് മോം, വർജീനിയ വോൾഫ് എന്നീ മഹോന്നത സാഹിത്യകാരന്മാരുടെ എല്ലാ കൃതികളും എംടി വായിച്ചിട്ടുണ്ട്.
ഇതൊന്നും കൂടാതെ സാഹിത്യ പ്രേമികളായ ഓരോ മലയാളിയും എംടിയോട് കടപ്പെട്ടിരിക്കുന്നത് മലയാളത്തിൽ ഉണ്ടായിട്ടുള്ള വിവിധ വിവർത്തനങ്ങളിലൂടെയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹിത്യ ചലനങ്ങളെയും, നവീനങ്ങളായ പുസ്തകങ്ങളെയും വിടാതെ പിന്തുടർന്നുകൊണ്ടിരുന്ന എംടി ഒട്ടനവധി ശ്രദ്ധേയമായ പുസ്തകങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റി പ്രസാധകരുടെയും വിവർത്തകരുടെയും ശ്രദ്ധയിൽപ്പെടുത്തി.
മലയാള സാഹിത്യം എന്ന നാലുകെട്ടിന്റെ പെരുന്തച്ചനായ എംടിയുടെ നവതി കേരളം ഒരു മഹാഘോഷമായി കൊണ്ടാടി. അതിനു പിന്നാലെ എംടിയുടെ 9 കഥകൾ ചേരുന്ന മനോരഥങ്ങൾ എന്ന ആന്തോളജി സിനിമ പുറത്തിറങ്ങി. ഇതിഹാസങ്ങളെ ഉപജീവിച്ചുകൊണ്ട് മലയാളഭാഷയിൽ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും ജനപ്രീതി നേടിയ പുസ്തകമായ രണ്ടാമൂഴത്തിന്റെ ദൃശ്യാവിഷ്കാരത്തിനായി കാത്തിരിക്കവേയാണ് അദ്ദേഹത്തിന്റെ വേർപാട്..