സാഹിത്യകാരൻ എന്നതിനുപരി എന്നും പരിസ്ഥിതിവാദി കൂടിയായിരുന്നു എം.ടി. വാസുദേവൻ നായർ. നിളാ നദിയേയും ചുറ്റുമുള്ള പരിസ്ഥിതി പ്രശ്‌നങ്ങളെയും കുറിച്ച് പലപ്പോഴായി എഴുതിയ ലേഖനങ്ങൾ അദ്ദേഹം ‘കണ്ണാന്തളിപൂക്കളുടെ കാലം’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
“കയ്‌പുനിറഞ്ഞ ബാല്യത്തിന്റെ ഓർമ്മകൾക്ക് സാന്ത്വനമേകാൻ കുന്നിൻപുറങ്ങളിൽ മുമ്പ് സമൃദ്ധമായി കണ്ണാന്തളിപ്പൂക്കൾ ഉണ്ടായിരുന്നു. ഇളംറോസ് നിറത്തിലുളള ആ പൂക്കളുടെ നിറവും ഗന്ധവുംതന്നെയായിരുന്നു പുന്നെല്ലരിയുടെ ചോറിനും. മാറ്റങ്ങളുടെ ഘോഷയാത്രയിൽ നമുക്ക് നഷ്‌ടമാകുന്നതെന്തൊക്കെയാണ്? മണൽ വാരി മരുപ്പറമ്പായ നദികൾ, വൻകമ്പനികൾ ഊറ്റിയെടുക്കുന്ന ഭൂഗർഭ ജലവും പുഴകളും. ഭാഷയെ നാം എന്നേ കൈയൊഴിഞ്ഞു! അവസാനം ജീവസന്ധാരണത്തിനു വഴിയില്ലാത്ത കുറേ മനുഷ്യർ! അവരെ വാങ്ങുവാനും കമ്പനികൾ ഉണ്ടാകും”. ഓര്‍മ്മക്കുറിപ്പ് അവസാനിക്കുന്നതിനു മുന്‍പുതന്നെ കണ്ണാന്തളിപ്പൂക്കള്‍ എന്നെന്നേക്കുമായി നാടുനീങ്ങിയ കാര്യവും അദ്ദേഹം പങ്കുവെയ്‌ക്കുന്നു. കുന്നിന്‍ചെരിവുകള്‍ കുടിയിരിപ്പുകളായി മാറിയപ്പോള്‍ കണ്ണാന്തളിപ്പൂക്കള്‍ പിന്നെ വളരാതായി എന്നത് അദ്ദേഹത്തിന് നൊമ്പരമാവുന്നു.
തന്റെ കഥയില്‍കണ്ട കണ്ണാന്തളിപ്പൂക്കളെ കാണാന്‍വരുന്നു എന്നെഴുതിയ വായനക്കാരന്‍ സുഹൃത്തിനോട് ”ഗ്രാമം കാണാം. പക്ഷേ, കണ്ണാന്തളിപ്പൂക്കളില്ല” എന്ന് മറുപടി എഴുതി വ്യസനത്തോടെയാണ് ലേഖനം അവസാനിപ്പിക്കുന്നത്. ഒരു വലിയ എഴുത്തുകാരന്റെ ഉത്‌കണ്‌ഠകളും വ്യഥകളും ലേഖനത്തിൽ പങ്കുവെയ്‌ക്കപ്പെടുന്നു. വിൽക്കാനും നഷ്‌ടപ്പെടാനും ഇനിയെന്തുണ്ട് ബാക്കിയെന്ന ചോദ്യം ബാക്കിവച്ചാണ് അദ്ദേഹം മടങ്ങിയത്.
എം.ടി. വാസുദേവൻ നായർ പങ്കെടുത്ത രണ്ട് സമരങ്ങളാണ് പെരിങ്ങോം ആണവ വിരുദ്ധ റാലിയും മുത്തങ്ങ വെടിവെപ്പ് പ്രതിഷേധ സമരവും. കോഴിക്കോട് വെച്ച് നടന്ന ആണവ വിരുദ്ധ റാലിയിൽ (1990) മുഖ്യാതിഥിയായിരുന്നു എം.ടി. സമരത്തിൽ സജീവമായി പങ്കെടുക്കുകയും ചിലയിടങ്ങളിൽ പ്രസംഗിക്കുകയും ചെയ്തു.