കൊച്ചി: കളമശേരിയിൽ തെരുവുനായ ആക്രമണത്തിൽ 8 പേർക്ക് കടിയേറ്റു. ചങ്ങമ്പുഴ നഗർ , അറഫാ നഗർ, ഉണിച്ചിറ തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. കടിയേറ്റ 8 പേരെയും മെഡിക്കൽ കോളേജ് അടക്കമുള്ള വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
അഞ്ചാം ക്ലാസുകാരിയായ ഇതര സംസ്ഥാനക്കാരിക്ക് ഉൾപ്പെടെയാണ് തെരുവുനായയുടെ കടിയേറ്റത്. കഴിഞ്ഞ ഒരാഴ്‌ചയായി പ്രദേശത്ത് തെരുവുനായയുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. ഒറ്റയ്‌ക്ക് പോകുന്ന സ്കൂൾ കുട്ടികളെയും പ്രായമായ സ്ത്രീകളെയുമടക്കം തെരുവുനായകൾ കൂട്ടമായെത്തി ആക്രമിക്കുന്നു.
എട്ട് പേരെയും ആക്രമിച്ചത് ഒരേ തെരുവ് നായയാണെന്ന് സ്ഥിരീകരിച്ചു. അഞ്ചാം ക്ലാസുകാരിയെ ആക്രമിച്ച ശേഷം നായ ജനത്തിരക്കുള്ള കുസാറ്റ് മേഖലയിലേക്കാണ് പോയത്. വിവരം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. നഗരസഭയുടെ ഭാഗത്തുനിന്നും നടപടിയുണ്ടായില്ലെങ്കിൽ പ്രതിഷേധം ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം.