കൊച്ചി: എറണാകുളം ജില്ലയിൽ കളമശ്ശേരിയിൽ മഞ്ഞപ്പിത്തം ബാധിച്ച മൂന്ന് പേരുടെ നില ഗുരുതരമായി തുടുരുന്നു. ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തവർക്കാണ് രോഗബാധയുണ്ടായത്. ഇതിന് പിന്നാലെ മഞ്ഞപ്പിത്തം പടർന്നത് കിണർ വെള്ളത്തിൽ നിന്നാണെന്ന് കണ്ടെത്തി. നിലവിൽ 13 പേർ പേർ ചികിത്സയിലുണ്ട്. ഇതിൽ പലരേയും ആലുവ, എറണാകുളം ഭാഗത്തെ വിവിധ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ഒരു കുട്ടിയടക്കം മൂന്ന് പേരാണ് അതീവ ഗുരുതരാവസ്ഥയിലുള്ളത്.
നഗരസഭയിലെ 10,12,14 വാർഡുകളിലാണ് മഞ്ഞപ്പിത്തം പടർന്ന് പിടിച്ചത്. കുട്ടികളും സ്ത്രീകളും അടക്കം നാൽപ്പതോളം പേർക്ക് രോഗലക്ഷണങ്ങളുണ്ട്. പത്താം വാർഡിൽ പെരിങ്ങഴയിൽ മാത്രം പത്തുപേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 10,12, വാർഡുകളിലാണ് ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പനി, ഛര്‍ദി, തലകറക്കം, ക്ഷീണം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളാണ് മിക്കവരിലും പ്രകടമായത്.
കൊച്ചി കളമശ്ശേരിയിൽ നഗരസഭാ ആരോഗ്യ വിഭാഗം രോഗവ്യാപനം തടയുന്നതിനായുള്ള പ്രതിരോധ നടപടികൾ ആരംഭിച്ചിട്ടുണ്ട്. കൈകഴുകുന്നതും പാത്രം കഴുകുന്നതും ശുദ്ധജലത്തില്‍ വേണമെന്നും തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ എന്നും ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിച്ചു. വ്യക്തി ശുചിത്വത്തിലുണ്ടാകുന്ന വീഴ്ചകളും മഞ്ഞപ്പിത്തത്തിന് കാരണമാകും. വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാല്‍ ഐസും ശീതള പാനീയങ്ങളും വില്‍ക്കുന്ന കടകളില്‍ നഗരസഭ ആരോഗ്യ വിഭാഗത്തിനൊപ്പം പരിശോധനകള്‍ നടത്തുന്നുണ്ട്. ജലസ്രോതസുകൾ അടിയന്തിരമായി ശുദ്ധീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.















