സാഗ്രബ്: കുട്ടികളെ വിറപ്പിച്ച് സ്കൂളിൽ വീണ്ടും കത്തിയാക്രമണം. പ്രൈമറി സ്കൂളിലേക്ക് ഇരച്ചെത്തിയ യുവാവിന്റെ കത്തിക്കുത്തിൽ ഏഴ് വയസുള്ള ബാലിക കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ അഞ്ച് പേർ വിദ്യാർത്ഥികളും ഒരാൾ അദ്ധ്യാപികയുമാണ്. ടീച്ചറുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.
ക്രൊയേഷ്യൻ തലസ്ഥാനമായ സാഗ്രബിൽ സ്ഥിതിചെയ്യുന്ന പ്രക്കോ എലമെന്ററി സ്കൂളിൽ പ്രാദേശിക സമയം രാവിലെ 9.50ഓടെയായിരുന്നു ആക്രമണം, സംഭവത്തിന് പിന്നാലെ അക്രമിയെ പൊലീസ് പിടികൂടി. ഇയാൾ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. പ്രതിക്ക് 18 വയസിന് മുകളിൽ പ്രായമുണ്ടെന്ന് ആരോഗ്യമന്ത്രി ഐറീന ഹ്രിസ്റ്റിക് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ആക്രമണം നടന്ന സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ് പ്രതിയെന്നാണ് വിവരം. പ്രധാനമന്ത്രി ആഡ്രീ പ്ലങ്കോവിക് ആക്രമണത്തെ അപലപിച്ചു.
അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളിലും ചില യൂറോപ്യൻ നാടുകളിലും സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെയുള്ള ആക്രമണങ്ങൾ പതിവാണ്. പൂർവ വിദ്യാർത്ഥികളോ മാനസികമായി വെല്ലുവിളി നേരിടുന്ന യുവാക്കളോ ആണ് ഒട്ടുമിക്ക കേസുകളിലും പ്രതിസ്ഥാനത്ത് വരിക. സ്കൂളിലേക്ക് തോക്കുമായി കയറി വന്ന് വെടിയുതിർക്കുന്ന സംഭവങ്ങളും മൂർച്ചയുള്ള ആയുധമുപയോഗിച്ച് കാണുന്നവരെയെല്ലാം കുത്തിപ്പരിക്കേൽപ്പിക്കുന്ന കേസുകളും നിരവധി തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ക്രൊയേഷ്യയിൽ നടന്നത്.















