കോഴിക്കോട് : മഹാനായ സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. മാസ്ക് വെൻ്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നത്. ഇക്കഴിഞ്ഞ 15നാണ് ശ്വാസ തടസ്സത്തെ തുടർന്ന് അദ്ദേഹത്തെ കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ഇന്നലെ ആരോഗ്യ നില വീണ്ടും മോശമായി. വിദഗ്ധ ഡോക്ടര്മാരുടെ നിരീക്ഷണത്തിലാണ് എം. ടി ഇപ്പോൾ.
ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള, മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രൻ, ജെ.ചിഞ്ചുറാണി, എംഎൽഎമാർ, രാഷ്‌ട്രീയ നേതാക്കൾ, സിനിമ രംഗത്തെ പ്രമുഖർ തുടങ്ങിയവർ ആശുപത്രിയിൽ എത്തി. എം.എൻ.കാരശ്ശേരി ഉൾപ്പെടെയുള്ള എഴുത്തുകാരും രാവിലെ മുതൽ ആശുപത്രിയിൽ ഉണ്ടായിരുന്നു.
എംടിയെ വിദഗ്ധ സംഘം നിരീക്ഷിച്ച് വരികയാണ്. എല്ലാവിധ ചികിത്സയും ഉറപ്പാക്കിയിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഒരുമാസം മുന്‍പ് ശ്വാസതടസ്സവും ന്യൂമോണിയയും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന എംടി ദിവസങ്ങള്‍ നീണ്ട ചികിത്സയെ തുടര്‍ന്നാണ് ന്യൂമോണിയ മാറി ആശുപത്രി വിട്ടത്. തുടർന്ന് എംടി വീട്ടില്‍ വിശ്രമജീവിതം നയിച്ച് വരികയായിരുന്നു. അതിനിടെയാണ് വീണ്ടും ശ്വാസംതടസ്സം അനുഭവപ്പെട്ടതും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും















