കർഷകർക്ക് പിന്തുണയുമായി കേന്ദ്രം. സാമ്പത്തികകാര്യ മന്ത്രിസഭാ സമിതി 2025 സീസണിലെ കൊപ്രയുടെ താങ്ങുവില ഉയർത്തി. കൊപ്ര കിലോയ്‌ക്ക് 10 രൂപ മുതൽ 42 രൂപ വരെ വർദ്ധിക്കും. ശരാശരി നിലവാരമുള്ള മിൽ ക്രൊപ ക്വിൻറലിന് 422 രൂപ വർദ്ധിപ്പിച്ച് 11,582 രൂപയാക്കി താങ്ങുവില ഉയർത്തി. ഉണ്ടകൊപ്രയ്‌ക്ക് 100 രൂപ വർദ്ധിപ്പിച്ച് 12,100 രൂപയുമാക്കി.
2014-ലെ മാർക്കറ്റിംഗ് സീസൺ മുതൽ 2025 വരെ മില്ലിംഗ് കൊപ്രയുടെ താങ്ങുവില ക്വിൻ്റലിന് 5,250 രൂപയിൽ നിന്ന് 11,582 രൂപയായാണ് വർദ്ധിപ്പിച്ചത്. അതായാത്, 121 ശതമാനത്തിന്റെ വർദ്ധന. ഉണ്ട കൊപ്രയുടെ താങ്ങുവില 120 ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ട്. ക്വിന്റലിന് 5,500 രൂപയിൽ നിന്ന് 12,100 രൂപയായാണ് വർദ്ധിപ്പിച്ചത്.
പ്രൈസ് സപ്പോർട്ട് പദ്ധതി (PSS) പ്രകാരം നാഷണൽ അഗ്രികൾച്ചറൽ കോപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (NAFED), നാഷണൽ കോപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ (NCCF) എന്നിവ കൊപ്രയും തൊലി നീക്കം ചെയ്ത തേങ്ങയും സംഭരിക്കുന്നതിനുള്ള കേന്ദ്ര നോഡൽ ഏജൻസികളായി (CNA) തുടരും. താങ്ങുവില വർദ്ധിപ്പിച്ചത് കർഷകരുടെ വരുമാനം ഉയരാൻ കാരണമാകും.
ഉത്പാദനച്ചെലവിന്റെ 1.5 മടങ്ങ് എങ്കിലും വില ഓരോ വിളകൾക്കും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് 2018-19-ലെ കേന്ദ്രബജറ്റിലാണ് എല്ലാ വിളകൾക്കും താങ്ങുവില പ്രഖ്യാപിക്കാനുള്ള തീരുമാനം അറിയിച്ചത്. വടക്കൻ കേരളത്തിലെ പച്ച തേങ്ങ തമിഴ്‌നാടും കർണാടകയും വാങ്ങിക്കൂട്ടുകയാണ്. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും കൊപ്ര ഉത്പാദനം കുത്തനെ ഇടിഞ്ഞിട്ടുണ്ട്. സീസണിലും വ്യത്യാസം സംഭവിച്ചിട്ടുണ്ട്.
ഇതിനിടെ പച്ചത്തേങ്ങ വില നവംബർ മൂന്നാം വാരം 52.50 എന്ന സർവകാല റെക്കോർഡിലെത്തിയിരുന്നു. ഇതിന് പിന്നാലെ വെളിച്ചെണ്ണ വില 250 രൂപ കടന്നിരുന്നു. പിന്നീടുള്ള ആഴ്ചകളിൽ തേങ്ങാ വില 40-ലെത്തിയിരുന്നു.