ബോളിവുഡ് സിനിമാപ്രേമികളുടെ ഇഷ്ട ജോഡികളാണ് കരീന കപൂറും ഷാഹിദ് കപൂറും. ഇരുവരുടെയും പ്രണയവും പിന്നീടുള്ള വേർപിരിയലും ബോളിവുഡ് സിനിമാലോകത്ത് ഏറെ ചർച്ചയായിരുന്നു. കരീന- ഷാഹിദ് ബ്രേക്കപ്പ് വാർത്ത പുറത്തുവന്നതിന് പിന്നാലെ ഏറ്റവും കൂടുതൽ നിരാശരായത് ഇരുവരുടെയും ആരാധകരായിരുന്നു. വർഷങ്ങൾക്ക് ശേഷം ഇരുവരും ഒരേ വേദിയിലിരിക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
മുംബൈയിലെ ധീരുഭായ് അംബാനി സ്കൂളിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ ഇരുവരും കുടുംബത്തോടൊപ്പം പങ്കെടുത്തിരുന്നു. ഭർത്താവ് സെയ്ഫ് അലി ഖാനോടൊപ്പമാണ് കരീന എത്തിയത്. സദസിൽ കരീന കപൂറിന്റെ പുറകിലായാണ് ഷാഹിദ് ഇരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം ഇഷ്ട ജോഡികളെ ഒരുമിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ.
‘ജബ് വി മെറ്റ്’ എന്ന ഹിറ്റ് ചിത്രത്തിലെ ഇരുവരുടെയും കെമിസ്ട്രി പ്രേക്ഷകർ ഇരുംകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തിൽ ഗീത്, ആദിത്യ എന്നീ കഥപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിച്ചത്. ചിത്രം പുറത്തുവന്നതിന് പിന്നാലെ, ഗീത്-ആദിത്യ റീയൂണിയൻ എന്നാണ് ആരാധകർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.
അമിതാഭ് ബച്ചൻ, ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ, ഷാരൂഖ് ഖാൻ, കരിഷ്മ കപൂർ, കരൺ ജോഹർ, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളും ധീരുഭായ് അംബാനി സ്കൂളിലെ വാർഷികാഘോഷത്തിൽ പങ്കെടുത്തു.