വൈദ്യുതിയോ മൊബൈലോ ഇന്റർനെറ്റ് ഗ്യാസോ ഇല്ലാത്ത ഒരു ജീവിതത്തെ കുറിച്ച് ഇക്കാലത്ത് സങ്കൽപ്പിക്കാനാകുമോ? എന്നാൽ അധികം അകലെയല്ലാതെ അത്തരം ഒരു ഗ്രാമമുണ്ട്. ഏതെങ്കിലും ഉൾക്കാട്ടിലോ പർവ്വത പ്രദേശങ്ങളിലോ അല്ല ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. ആധുനിക ജീവിതശൈലിയുടെ എല്ലാ കൃത്രിമസുഖസൗകര്യങ്ങളും ഒഴിവാക്കി ശാന്തിയും സമാധാനവും മാത്രം ലക്ഷ്യം വെച്ചുകൊണ്ടാണ് ഇവരുടെ ജീവിതം.
ഇനി ഗ്രാമത്തെ കുറിച്ച് പറയാം…. ആന്ധ്രപ്രദേശിലെ ശ്രീ കാക്കുളം നഗരത്തിന് സമീപമാണ് കൂർമാ ഗ്രാമം സ്ഥിതിചെയ്യുന്നത്. 60 ഏക്കറിൽ പരന്നു കിടക്കുന്നതാണ് പ്രദേശം. നന്ദഗോകുലം ഗോശാല ട്രസ്റ്റിന്റെ നേതൃത്വത്തിൽ 2018 ലാണ് ഈ ഗ്രാമത്തിന്റെ തുടക്കം. ഇസ്കോണാണ് ഇതിന്റെ സ്ഥാപകർ. നിലവിൽ 80 ഓളം താമസക്കാരാണ് ഇവിടെയുള്ളത്.
കോൺക്രീറ്റിന് പകരം മൺകട്ടകൾ കൊണ്ടാണ് ഇവിടെ വീടുകൾ. ഇരുമ്പും സിമന്റും ഇവിടെ പടിക്ക് പുറത്താണ്. പരമ്പരാഗതം രീതിയിൽ ചുണ്ണാമ്പ് മണൽ, ശർക്കര, തുവരപ്പരിപ്പ് എന്നിവ ഉപയോഗിച്ചാണ് ഇവിടെ വീടുകൾ നിർമ്മിച്ചിരിക്കുന്നത്. ഒരു ഹാളും അടുക്കളയും രണ്ട് കിടപ്പുമുറികളുമാണ് ഒരു വീടിനുള്ളത്. ഹാളിനോട് ചേർന്ന് തന്നെയാണ് പൂജാമുറിയും അടുക്കളയും സജ്ജീകരിച്ചിരിക്കുന്നത്. വിറകടുപ്പടക്കം പരമ്പരാഗതമായ എല്ലാ വസ്തുക്കളും അടുക്കളയിൽ ഉണ്ട്.
തികച്ചും സ്വയം പര്യാപ്തമാണ് കൂർമാ ഗ്രാമം. ഭക്ഷണവും വസ്ത്രവും അടക്കം ഇവിടെയുള്ള മനുഷ്യർക്ക് ആവശ്യമായ എല്ലാ വസ്തുക്കളും ഗ്രാമത്തിൽ തന്നെ നിർമിക്കും. ജൈവ കൃഷിയാണ് പിന്തുടരുന്നത്. അലക്കാനോ കുളിക്കുവാനുള്ള സോപ്പിന് പോലും പുറം ലോകത്തെ ആശ്രയിക്കാറില്ല.
പുലർച്ചെ 4 30ന് ഗ്രാമം ഉണരും. ആരതി, പ്രഭാത സ്തുതിയും എന്നിവയോടെയാണ് ഒരു ദിവസം ആരംഭിക്കുന്നത്. തുടർന്ന് ഇവർ ജോലികളിൽ മുഴുകും. കൃഷി, വീടുകളുടെ നിർമ്മാണം, നെയ്‌ത്ത് എന്നിവയാണ് പ്രധാന തൊഴിൽ. ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവർക്കും സൗജന്യമാണ്. വൈദിക- ശാസ്ത്ര പഠനത്തിനാണ് ഇവർ പ്രാമുഖ്യം നൽകുന്നത്. ആന്ധ്ര, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും പരിശീലനം നൽകുന്നുണ്ട്.
താമസക്കാരിൽ മിക്കവരും ലക്ഷങ്ങൾ ശമ്പളം ലഭിക്കുന്ന ജോലിയും സമ്പന്നമായ ജീവിതവും ഉപേക്ഷിച്ച് വന്നവരാണ്. പണം കൊണ്ടുമാത്രം ശാന്തിയും സമാധാനവും കണ്ടെത്താനാകില്ലെന്ന തിരിച്ചറിവാണ് ഇവരെ ഇവിടെ എത്തിച്ചത്. ഭാരതത്തിന് അകത്തും പുറത്തുനിന്നും നിരവധി സഞ്ചാരികൾ ഗ്രാമത്തെക്കുറിച്ച് കേട്ടറിഞ്ഞ് ഇവിടെ എത്തുന്നുണ്ട്.