ബെംഗളൂരു: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്. പ്രോവിഡന്റ് ഫണ്ട് തട്ടിപ്പുകേസുമായി ബന്ധപ്പെട്ടാണ് നടപടി. റോബിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ ജീവനക്കാരുടെ പിഎഫ് തുകയായ 23 ലക്ഷം രൂപ വെട്ടിച്ചുവെന്നാണ് പരാതി. ബെംഗളൂരു പുലികേശി നഗർ പൊലീസാണ് ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
താരത്തിന്റെ സെൻ്റോറസ് ലൈഫ്‌സ്‌റ്റൈൽ ബ്രാൻഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലാണ് തട്ടിപ്പ് നടന്നത്. കമ്പനിയുടെ ഡയറക്ടറാണ് ഉത്തപ്പ. ജീവനക്കാരുടെ പിഎഫ് വിഹിതം വെട്ടികുറയ്‌ക്കുകയും എന്നാൽ ഇത് അവരുടെ അക്കൗണ്ടുകളിൽ നിക്ഷേപിച്ചിട്ടില്ലെന്നുമാണ് കണ്ടെത്തൽ. ഏകദേശം 23,36,602 രൂപയാണ് ജീവനക്കാർക്ക് ലഭിക്കാനുള്ളത്. ഇവർ നൽകിയ പരാതിയെ തുടർന്ന് പിഎഫ് റീജണൽ കമ്മീഷണർ ഷഡക്ഷരി ഗോപാൽ റെഡ്ഡി നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകുകയായിരുന്നു.
അറസ്റ്റ് വാറന്റ് ഡിസംബർ നാലിന് പുറപ്പെടുവിച്ചെങ്കിലും പുലകേശിനഗറിലെ വസതിയിൽ ഉത്തപ്പ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചയക്കുകയായിരുന്നു. ഉത്തപ്പയും കുടുംബവും നിലവിൽ ദുബായിലാണ് താമസിക്കുന്നതെന്നാണ് റിപ്പോർട്ട്. ഈ മാസം 27നുള്ളിൽ റോബിൻ ഉത്തപ്പയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനാണ് പൊലീസിന് നിർദേശം ലഭിച്ചിരിക്കുന്നത്.