മെക്സിക്കോ സിറ്റി: പ്രശസ്ത മെക്സിക്കൻ ഗുസ്തി താരം റേ മിസ്റ്റീരിയോ സീനിയർ അന്തരിച്ചു. 66-ാം വയസിലായിരുന്നു അന്ത്യം. ലോകപ്രസിദ്ധിയാർജിച്ച WWE ഷോയിലെ സൂപ്പർസ്റ്റാർ റേ മിസ്റ്റീരിയോ ജൂനിയറിന്റെ അമ്മാവനാണ് അന്തരിച്ച ഗുസ്തിതാരം. മരണവിവരം കുടുംബമാണ് സ്ഥിരീകരിച്ചത്.
മിഗ്വേൽ ഏഞ്ചൽ ലോപസ് ഡയാസ് എന്നതാണ് റേ മിസ്റ്റീരിയോ സീനിയറിന്റെ യഥാർത്ഥ നാമം. 1976 ജനുവരിയിലാണ് റേ മിസ്റ്റീരിയോ തന്റെ ഗുസ്തി കരിയർ ആരംഭിക്കുന്നത്. വളരെ പെട്ടെന്ന് ഇടിക്കൂട്ടിൽ തിളങ്ങിയ അദ്ദേഹം മെക്‌സിക്കോയിലെ ലൂച്ച ലിബ്രെ, വേൾഡ് റെസ്‌ലിംഗ് അസോസിയേഷൻ, ലൂച്ച ലിബ്രെ എഎഎ വേൾഡ് വൈഡ് തുടങ്ങിയ പ്രമുഖ സംഘടനകളുടെ ചാമ്പ്യൻഷിപ്പ് കിരീടങ്ങൾ നേടി.
ലോകമെമ്പാടുമുള്ള നിരവധി ആരാധകരെ കോരിത്തരിപ്പിച്ച റേ മിസ്റ്റീരിയോ തന്റെ പ്രഭാവം കൊണ്ട് അനവധി കായികതാരങ്ങൾക്കും പ്രചോദനം നൽകി. റേ മിസ്റ്റീരിയോ സീനിയറിന്റെ അനന്തരവനും അനന്തരവളുമടക്കം കുടുംബത്തിലെ പലരും പിന്നീട് WWE എന്ന റെസ്‌ലിംഗ് ഷോയിൽ എത്തുകയും ചെയ്തിരുന്നു.















