ധാക്ക: അന്നംമുട്ടുമെന്ന് ഉറപ്പായതോടെ, ഭാരതത്തോടെ സഹായം അഭ്യർത്ഥിച്ച് ബംഗ്ലാദേശ്. കടുത്ത ഭക്ഷ്യക്ഷാമത്തിനും പണപ്പെരുപ്പത്തിനും ഇടയിൽ അടിയന്തരമായി കുറഞ്ഞ നിരക്കിൽ 50,000 ടൺ അരി വേണമെന്നാണ് ഇടക്കാല സർക്കാരിന്റെ ആവശ്യം. രാജ്യം ഭക്ഷ്യക്ഷാമത്തിലേക്ക് വഴുതി വീഴുന്നതിനിടെയാണ് ഇത്തരമൊരു നീക്കം.
ഡിസംബർ 17 വരെയുള്ള കണക്കനുസരിച്ച് ബംഗ്ലാദേശിന്റെ ഭക്ഷ്യധാന്യ ശേഖരം 11.48 ലക്ഷം ടണ്ണായി കുറഞ്ഞു. ഇതിൽ അരിയുടെ വിഹിതം 7.42 ലക്ഷം ടൺ മാത്രമാണ്. അരി പ്രധാന ഭക്ഷ്യധാന്യമായ ബംഗ്ലാദേശിനെ സംബന്ധിച്ച് ഇത് വളരെ കുറവാണ്. വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി മറ്റൊരു പോംവഴിയില്ലാതിരിക്കെയാണ് അവസാന ആശ്രയമായി ഇന്ത്യയെ സമീപിച്ചിരിക്കുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിണ വിള്ളൽ പോലും വകവയ്‌ക്കാതെയാണ് ഇന്ത്യയോട് മുഹമ്മദ് യൂനസ് സർക്കാർ സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്. ഇന്ത്യയുമായി അകൽച്ച പാലിച്ചിരിക്കുന്നതിന്റെ തിക്തഫലങ്ങൾ ബംഗ്ലാദേശ് അനുഭവിച്ച് തുടങ്ങി. ഇന്ത്യൻ കമ്പനികളിൽ നിന്ന് കുറഞ്ഞ ചെലവിൽ ലഭിച്ചിരുന്ന വൈദ്യുതിക്കും മുടക്കം വന്നു. എന്നാൽ നിലവിലെ സാമ്പത്തിക പ്രതിസന്ധികൾക്കും ആഭ്യന്തരപ്രശ്നങ്ങൾക്കുമിടയിൽ പാകിസ്താനോട് അടുക്കാനുള്ള ശ്രമങ്ങളും ബംഗ്ലാദേശ് ആരംഭിച്ച് കഴിഞ്ഞു.