എറണാകുളം: കൊച്ചിയിലെ അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ. വൈറ്റില പൊന്നുരുന്നി ഈസ്റ്റ് അങ്കണവാടിയിലെ കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛർദ്ദിയും വയറിളക്കവും പിടിപ്പെട്ട് 12 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നാട്ടുകാർ പറഞ്ഞു.
അങ്കണവാടിയിലെ വാട്ടർടാങ്ക് വൃത്തിഹീനമാണെന്ന് നാട്ടുകാർ ആരോപിച്ചു. പിന്നാലെ നടത്തിയ പരിശോധനയിലാണ് ചത്ത പാറ്റകളെ ഉൾപ്പെടെ ടാങ്കിൽ നിന്ന് കണ്ടെത്തിയത്. ഇതിൽ നിന്നുള്ള വെള്ളം കുട്ടികൾക്ക് കുടിക്കാൻ കൊടുത്തതോടെയാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം
ഈ ടാങ്കിൽ നിന്നാണ് പാചകത്തിനായി വെള്ളമെടുക്കുന്നതെന്നും നാട്ടുകാർ ആരോപിച്ചു. അങ്കണവാടിക്ക് സമീപത്തെ കനാലിൽ മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്ന നിലയിലാണ്. രണ്ട് ദിവസം മുൻപ് കനാൽ വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പൊന്നുരുന്നി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തിയിരുന്നു. വിവിധ ആശുപത്രികളിലായാണ് കുട്ടികളെ പ്രവേശിപ്പിച്ചത്.