കുവൈത്ത് സിറ്റി; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കുവൈത്തിൽ ഊഷ്മള സ്വീകരണം. അമീരി വിമാനത്താവളത്തിൽ കുവൈത്ത് പ്രതിരോധ, ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ്, വിദേശകാര്യമന്ത്രി അബ്ദുളള അലി അൽ യഹ്യ എന്നിവരുടെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
കുവൈത്തിലെ ഉന്നത ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയെ വരവേൽക്കാൻ എത്തിയിരുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി കുവൈത്തിലെത്തിയത്. വിവിധ മേഖലകളിൽ ഇന്ത്യയും കുവൈത്തുമായുളള സൗഹൃദം മെച്ചപ്പെടുത്തുന്നതാണ് തന്റെ സന്ദർശനമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.
കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദർശനം. 43 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിലെത്തുന്നത്. അറേബ്യൻ ഗൾഫ് കപ്പ് കായികമേളയുടെ ഉദ്ഘാടനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. കായികമികവിന്റെയും പ്രാദേശിക ഐക്യത്തിന്റെയും ആഘോഷമാണിതെന്ന് ആയിരുന്നു പ്രധാനമന്ത്രിയുടെ അഭിപ്രായം.
രാമായണവും മഹാഭാരതവും അറബി ഭാഷയിൽ പ്രസിദ്ധീകരിച്ച പബ്ലീഷർ അബ്ദുൾ ലത്തീഫ് അൽനെസിഫ്, ഇരുഗ്രന്ഥങ്ങളും അറബിയിലേക്ക് വിവർത്തനം ചെയ്ത അബ്ദുളള ബാരേൻ എന്നിവരെയും പ്രധാനമന്ത്രി കണ്ടു. ഹോട്ടലിൽ മോദിയെ സ്വീകരിക്കാനായി ഇന്ത്യൻ സമൂഹവും കാത്തുനിന്നിരുന്നു. ഇന്ത്യൻ കലാവിരുന്നുകളുടെ അകമ്പടിയോടെയാണ് പ്രധാനമന്ത്രിയെ ഇവർ വരവേറ്റത്.