തിരുവനന്തപുരം: നരേന്ദ്രമോദി സർക്കാരിന്റെ പി എം- ഉഷ പദ്ധതിയിലൂടെ അടിമുടി മാറ്റത്തിനൊരുങ്ങി കാര്യവട്ടം ക്യാമ്പസ്. 100 കോടി രൂപയാണ് ക്യാമ്പസിന്റെ വികസനത്തിനായി കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്നത്. കേന്ദ്ര സഹായം ലഭിച്ചതോടെ കാര്യവട്ടത്തെ അടിസ്ഥാന സൗകര്യങ്ങൾ വൻതോതിൽ മെച്ചപ്പെടുമെന്ന് വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മേൽ പറഞ്ഞു. ക്ലാസ് മുറികൾ, ഹോസ്റ്റലുകൾ എന്നിവ നിർമിക്കുമെന്നും കൂടുതൽ നാലുവർഷ പ്രോഗ്രാമുകൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടിസ്ഥാന സൗകര്യ വികസനത്തിനാണ് കൂടുതൽ തുക ചെലവഴിക്കുക. ഇതോടെ കാര്യവട്ടം പൂർണ്ണമായും റസിഡൻഷ്യൽ ക്യാമ്പസാകും. 3,000 ത്തിലധികം വിദ്യാർത്ഥികളുള്ള കാര്യവട്ടത്ത് നിലവിൽ 500 താഴെ പേർക്ക് മാത്രമാണ് ഹോസ്റ്റൽ സൗകര്യമുള്ളത്. മുഴുവൻ കുട്ടികളേയും ഉൾക്കൊള്ളുന്ന തരത്തിൽ കൂടുതൽ ഹോസ്റ്റലുകൾ നിർമ്മിക്കാനാണ് പദ്ധതിയിടുന്നത്. ഇതിനായി മാത്രം 75 കോടിയോളം രൂപ ചെലവഴിക്കും. ഇതിന് പുറമേ സെമിനാർ ഹാളുകൾ, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകൾ, പരീക്ഷാകേന്ദ്രങ്ങൾ, ഫുഡ് കോർട്ടുകൾ, ഡിജിറ്റൽ ലൈബ്രറികൾ എന്നിവയുടെ നിർമ്മാണവും പരിഗണനയിലാണ്.
44 ഡിപ്പാർട്ട്മെന്റുകളാണ് ക്യാമ്പസിലുള്ളത്. ഇതിൽ ഇരുപതോളം ഡിപ്പാർട്ട്മെന്റ്കൾക്ക് നാലുവർഷ കോഴ്സിനായി ക്ലാസ് മുറികളും ലൈബ്രറി സൗക്യങ്ങളും പദ്ധതിയുടെ ഭാഗമായി ഒരുക്കും. നാല് വർഷ കോഴ്സിനായി പ്രത്യേക കെട്ടിടം പരിഗണനയിലുണ്ടെന്ന് രജിസ്ട്രാർ പ്രൊഫ. കെ. എസ് അനിൽകുമാർ പറഞ്ഞു. പദ്ധതി മാനദണ്ഡപ്രകാരം കമ്പ്യൂട്ടറുകൾ, ഗവേഷണ ഉപകരണങ്ങൾ, സോഫ്റ്റുവെയറുകൾ എന്നിവ വാങ്ങാനും അദ്ധ്യാപകർക്ക് വിദഗ്ധപരിശീലനം ലഭ്യമാക്കാനും ഫണ്ട് ഉപയോഗിക്കാം.
ആദ്യമായാണ് ഇത്രയും വലിയ ധനസഹായം കേന്ദ്രസർക്കാരിൽ നിന്നും കേരള സർവകലാശാലയ്‌ക്ക് ലഭിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ പതിവ് മെല്ലെപോക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയുമുണ്ട്. കാരണം അനുവദിച്ച തുക രണ്ടു വർഷത്തിനകം ഉപയോഗിച്ചില്ലെങ്കിൽ പാഴാകും .















