നമുക്ക് വളരെ സുപരിചിതമായ മരുന്നാണ് സിട്രിസിൻ എന്ന് വിളിക്കുന്ന Cetirizine. അലർജി മരുന്നായ Cetirizine ഡോക്ടറുടെ കുറിപ്പടി കൂടാതെ തന്നെ ഫാർമസികളിൽ നിന്ന് വാങ്ങാൻ കഴിയും. ഒരെണ്ണം കഴിക്കുമ്പോഴേക്കും നല്ലപോലെ ‘വർക്ക്’ ആകുന്ന മരുന്നായാണ് Cetirizineനെ നോക്കികാണുന്നത്. വിലയും തുച്ഛമായതിനാൽ ഇത് വാങ്ങാൻ ആരും മടിക്കാറുമില്ല. തുമ്മലും ജലദോഷവും പിടിപെട്ടെന്ന് തോന്നുമ്പോഴേക്കും മെഡിക്കൽ ഷോപ്പിലേക്ക് ഓടി Cetirizine വാങ്ങി അകത്താക്കുന്നവരാണ് ബഹുഭൂരിപക്ഷം മലയാളികളും. സുരക്ഷിതവും ഫലപ്രദവുമായ മരുന്നായി Cetirizine മരുന്നിനെ നാം പുകഴ്‌ത്താറുമുണ്ട്. എന്നാൽ ഇടയ്‌ക്കിടെ Cetirizine എടുത്ത് ‘വീശുന്നവർ’ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. സുരക്ഷിതമെന്ന് കരുതുന്ന Cetirizine വില്ലനാകാനുള്ള സാധ്യതയേറെയാണ്. Cetirizine കഴിക്കുന്നതുകൊണ്ടുള്ള പ്രത്യാഘാതങ്ങൾ അറിഞ്ഞിരിക്കാം..
എന്തിനാണ് സിട്രിസിൻ, ആർക്കെല്ലാം കഴിക്കാം..
അലർജിയുടെ ലക്ഷണങ്ങളെ പ്രതിരോധിക്കാനുള്ള മരുന്നാണ് Cetirizine. അതായത് തുമ്മൽ, മൂക്കൊലിപ്പ്, തൊണ്ട ചൊറിയൽ ഇതിനെല്ലാം ആശ്വാസം നൽകാൻ Cetirizineന് സാധിക്കും. പ്രായപൂർത്തിയായവർക്കും ആറ് വയസിന് മുകളിലുള്ള കുട്ടികൾക്കും സിട്രിസിൻ കഴിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. അതും ദിവസം ഒന്നുമാത്രം (10 മില്ലിഗ്രാം). 24 മണിക്കൂറിനിടെ 10 മില്ലിഗ്രാമിൽ കൂടുതൽ സിട്രിസിൻ കഴിക്കാൻ പാടുള്ളതുമല്ല. കരൾ, വൃക്ക തകരാറുള്ളവരും 65 വയസിന് മുകളിലുള്ളവരും 6 വയസിന് താഴെയുള്ളവരും ഡോക്ടറുടെ നിർദേശം കൂടാതെ സിട്രിസിൻ കഴിക്കാനും പാടില്ല.
മരുന്നിന്റെ സൈഡ് എഫക്ട്സ്
മയക്കം (drowsiness)
അമിതമായ ക്ഷീണം (excessive tiredness)
വരണ്ട വായ (dry mouth)
വയറുവേദന (stomach pain)
വയറിളക്കം (diarrhea)
ഛർദ്ദി (vomiting)
ഇതിലെന്തെങ്കിലും നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഡോക്ടറോട് പറയാൻ മടിക്കരുത്.
മുന്നറിയിപ്പും മുൻകരുതലുകളും
സിട്രിസിൻ ആദ്യമായി കഴിക്കുന്നവർ ജാഗ്രത പാലിക്കണം. മരുന്ന് ഏത് രീതിയിലാണ് നിങ്ങളെ ബാധിക്കുകയെന്ന് അറിയാൻ ആദ്യ ഡോസ് കഴിച്ചതിന് ശേഷം പൂർണമായും വിശ്രമിക്കുക. നല്ലപോലെ ക്ഷീണവും മയക്കവും അനുഭവപ്പെടുന്നുണ്ടെങ്കിൽ പിന്നീടെപ്പോഴെങ്കിലും മരുന്ന് കഴിക്കേണ്ടിവന്നാലും വിശ്രമിക്കുക. ഡ്രൈവിന് പോവുക, ഭാരമേറിയ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ സിട്രിസിൻ കഴിച്ചതിന് ശേഷം ചെയ്യാതിരിക്കുക.
ഗർഭാവസ്ഥയിലും മുലയൂട്ടുമ്പോഴും സിട്രിസിൻ കഴിക്കാൻ തുനിയുന്നുണ്ടെങ്കിൽ ഡോക്ടറുടെ നിർദേശം നിർബന്ധമായും തേടേണ്ടതാണ്. കുട്ടികൾക്കായി ശ്രമിക്കുന്നവരും ഈ മരുന്ന് കഴിക്കുന്നതിന് മുൻപ് ഡോക്ടറോട് ചോദിക്കുക. പൊതുവെ ഗർഭിണികൾക്ക് സിട്രിസിൻ സുരക്ഷിതമാണെങ്കിലും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ നിർദേശം ലഭിച്ചതിന് ശേഷം മരുന്ന് കഴിക്കുന്നതാണ് നല്ലത്.
ആൽക്കഹോൾ കഴിക്കുമ്പോൾ സിട്രിസിൻ പൂർണമായും ഒഴിവാക്കുക.
ആസ്ത്മയും ശ്വാസകോശ പ്രശ്നങ്ങളും നേരിടുന്നവർ അതിനുള്ള മരുന്ന് കഴിക്കുന്നുണ്ടെങ്കിൽ സിട്രിസിൻ എടുക്കുന്നതിന് മുൻപ് ഡോക്ടറോട് ചോദിക്കുക.
എന്തെങ്കിലും കാരണത്താൽ ദിവസവും സിട്രിസിൻ കഴിക്കുന്നവരാണെങ്കിൽ അത് നിർത്തുന്നതിന് മുൻപും ഡോക്ടറെ കാണേണ്ടതാണ്. കഴിച്ചുകൊണ്ടിരിക്കുന്ന മരുന്ന് പെട്ടെന്ന് നിർത്തിയാൽ അത് പലവിധ ആരോഗ്യ അടിയന്തരാവസ്ഥയിലേക്കും ശരീരത്തെ എത്തിക്കാൻ സാധ്യതയുണ്ട്.