ഹൈദരാബാദ്: നടൻ അല്ലു അർജ്ജുന്റെ വീട്ടിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയ സംഭവത്തിൽ സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രിയും തെലങ്കാന ബിജെപി അദ്ധ്യക്ഷനുമായ ജി കിഷൻ റെഡ്ഡി. അല്ലുവിന്റെ വീട്ടിലെ അക്രമം കോൺഗ്രസ് സ്‌പോർസർഷിപ്പിലാണോ പിന്തുണയോടെ ആണോ അരങ്ങേറിയതെന്ന് അദ്ദേഹം എക്‌സിൽ പങ്കുവെച്ച പോസ്്റ്റിൽ ചോദിച്ചു. അക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ സഹിതമായിരുന്നു വിമർശനം.
അല്ലു അർജ്ജുന്റെ വീടിന് നേരെ നടന്ന കല്ലേറും അക്രമവും കോൺഗ്രസ് സർക്കാരിന് കീഴിൽ സംസ്ഥാനത്തെ ക്രമസമാധാന പാലനം തകർന്നതിന് തെളിവാണ്. പൗരൻമാരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ ഭരണകൂടത്തിന് ശേഷിയില്ലെന്നാണ് ഈ സംഭവങ്ങൾ തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിനിമാ ഇൻഡസ്ട്രിയിലെ കലാകാരൻമാരെ ലക്ഷ്യമിട്ടുളള അക്രമങ്ങൾ കോൺഗ്രസ് ഭരണകാലത്തെ അപകടകരമായ അവസ്ഥയിലെത്തിയെന്നും ജി കിഷൻ റെഡ്ഡി ചൂണ്ടിക്കാട്ടി.
വൈകിട്ടോടെയാണ് അല്ലു അർജ്ജുന്റെ വീട്ടിലേക്ക് ഒരു സംഘമെത്തി അക്രമം നടത്തിയത്. വീടിന്റെ പരിസരത്ത് കടന്ന് പൂച്ചട്ടികൾ തല്ലി തകർക്കുകയും അവിടെ ഉണ്ടായിരുന്നവരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു.
പുഷ്പ 2 വിന്റെ പ്രീമിയറിനിടെ അല്ലു അർജ്ജുനെ കാണാൻ ഹൈദരാബാദിലെ തിയറ്ററിലെത്തിയ സ്ത്രീ തിക്കിലും തിരക്കിലും മരണപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ അല്ലുവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു രാത്രി ജയിലിൽ കഴിഞ്ഞ ശേഷമായിരുന്നു താരം ജയിൽമോചിതനായത്. ഇത് തെലങ്കാനയിൽ വലിയ വിവാദമായിരുന്നു. കോൺഗ്രസ് സർക്കാരിനെതിരെ അല്ലു അർജ്ജുൻ ആരാധകരുടെ വലിയ രോഷപ്രകടനമാണ് ഉണ്ടായത്.
സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കൊല്ലപ്പെട്ട സ്ത്രീയുടെ മകന്റെ ചികിത്സാ കാര്യത്തിൽ ഉൾപ്പെടെ എല്ലാ പിന്തുണയും നൽകുമെന്ന് അല്ലു അർജ്ജുനും കുടുംബവും ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് താരത്തെ അറസ്റ്റ് ചെയ്തതും ഇപ്പോൾ വീടിന് നേരെ അക്രമം നടത്തിയതും.















