തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി ബോക്സോഫീസിൽ കുതിക്കുന്ന മലയാളത്തിന്റെ മോസ്റ്റ് വയലൻസ് ചിത്രം മാർക്കോയിലെ പ്രകടനത്തിൽ, ഉണ്ണി മുകുന്ദനെ പ്രശംസിച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. പരിശ്രമവും കാത്തിരിപ്പും ഒരു മനുഷ്യനെ വിജയത്തിൽ എത്തിക്കും എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഉണ്ണി മുകുന്ദന്റെ സിനിമാ ജീവിതമെന്ന് അഭിലാഷ് പിള്ള ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
“ഉണ്ണി കേട്ട കുറ്റപ്പെടുത്തലുകൾക്കും അപമാനത്തിനും പലിശ സഹിതം ജനങ്ങൾ ഉത്തരം കൊടുക്കുന്ന ദിവസം വരുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അതിന്റെ തെളിവാണ് മാർക്കോ. നമ്മുടെ അടുത്ത സിനിമയ്‌ക്കായി കാത്തിരിക്കുന്നു”- അഭിലാഷ് പിള്ള കുറിച്ചു.
ഉണ്ണി മുകുന്ദനെ പ്രശംസിച്ചുള്ള സംവിധായകൻ വിനയന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ഏറെ ശ്രദ്ധനേടിയിരുന്നു. “അർപ്പണബോധവും കഠിനാദ്ധ്വാനവും ഒരു കലാകാരനെ വിജയത്തിലെത്തിക്കും എന്നതിന്റെ തെളിവാണ് മാർക്കോ എന്ന സിനിമയിലൂടെ ഉണ്ണി മുകുന്ദൻ നേടിയ വിജയം” എന്നായിരുന്നു വിനയന്റെ വാക്കുകൾ.
മാർക്കോയ്‌ക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഉണ്ണി മുകുന്ദൻ ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. ‘‘2018, ഡിസംബർ 21-ന് ‘മാർക്കോ’യെ ഒരു വില്ലനായി നിങ്ങളുടെ മുന്നിൽ അവതരിപ്പിച്ചു. 2024, ഡിസംബര്‍ 21-ൽ നിൽക്കുമ്പോൾ മാർക്കോ നായകനാണ്. ഇതാണ് സിനിമയുടെ മാജിക്. നിങ്ങളുടെ എല്ലാ പിന്തുണയ്‌ക്കും നന്ദി”എന്നാണ് ഉണ്ണി മുകുന്ദൻ കുറിച്ചത്.