സാമ്രാജ്യത്തിന് പിന്നാലെ ബാഷർ അൽ അസദിന് ഭാര്യയെ കൂടി നഷ്ടമാകുന്നു. പുറത്താക്കപ്പെട്ട സിറിയൻ പ്രസിഡൻ്റ് അസദിന്റെ ബ്രിട്ടീഷുകാരിയായ ഭാര്യ വിവാഹമോചനത്തിന് അപേക്ഷ നൽകി. അസ്മ അസദ് സ്വന്തം നാടായ ലണ്ടനിലേക്ക് പോകുകയാണെന്ന് തുർക്കി, അറബ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പതിറ്റാണ്ടുകൾക്ക് മുൻപ് സിറിയയിൽ നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിവരാണ് അസ്മയുടെ കുടുംബം. 25ാം വയസ്സിൽ അസദിനെ വിവാഹം കഴിച്ചതിന് പിന്നാലെയാണ് അവർ സിറിയയിൽ സ്ഥിര താമസം തുടങ്ങിയത്. റഷ്യൻ കോടതിയിലാണ് വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്നും മോസ്‌കോ വിടാൻ പ്രത്യേക അനുമതി തേടിയെന്നുമാണ് സൂചനകൾ. അപേക്ഷ ഇപ്പോൾ റഷ്യൻ അധികൃതരുടെ പരിഗണിനയിലാണ്.
ഈ മാസം ആദ്യമാണ് ബാഷർ അൽ അസദും കുടുംബവും മോസ്‌കോയിൽ അഭയം പ്രാപിച്ചത്. ഹയാത്ത് തഹ്‌രീർ അൽ-ഷാമിൽ (എച്ച്‌ടിഎസ്) സിറിയൻ തലസ്ഥാനമായ ദമാസ്കസ് പിടിച്ചെടുത്തതിന് പിന്നാലെയാണ് പലായനം. അസദിന്റെ അഭ്യർത്ഥന മാനിച്ച് അഭയം നൽകിയെങ്കിലും നിരവധി നിയന്ത്രണങ്ങൾ ഇവരുടെ മേൽ റഷ്യ ഏർപ്പെടുത്തി. മോസ്കോ വിട്ടുപോകാനോ രാഷ്‌ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ അസദനും കുടുംബത്തിനും അനുവാദമില്ല.
270 കിലോഗ്രാം സ്വർണവും 2 ബില്യൺ യുഎസ് ഡോളറും മോസ്‌കോയിലെ 18 അപ്പാർട്ട്‌മെൻ്റുകളും ഉൾപ്പെടുന്ന അസദിന്റെ ആസ്തികളും റഷ്യൻ അധികൃതർ മരവിപ്പിച്ചതായി ദി ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ അസദിന്റെ സഹോദരൻ മഹർ അൽ അസദിന് റഷ്യ അഭയം നൽകിയിട്ടില്ല.. മഹറും കുടുംബവും റഷ്യയിൽ വീട്ടുതടങ്കലിലാണെന്ന് അറബ് മാദ്ധ്യമങ്ങൾ പറയുന്നു.















