ഹൈദരബാദ്: നടൻ അല്ലു അർജ്ജുന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതികളുടെ കോൺഗ്രസ് ബന്ധം പുറത്ത്. കൊടങ്ങൽ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീനിവാസ് റെഡ്ഡിയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയ്‌ക്കൊപ്പമുള്ള ഇയാളുടെ ഫോട്ടോകൾ പുറത്തുവന്നു.
രേവന്ത് റെഡ്ഡിയുടെ അടുത്ത സഹായിയാണ് ശ്രീനിവാസെന്ന് ബിആർഎസ് നേതാവ് കൃശാങ്ക് ആരോപിച്ചു. ശ്രീനിവാസ് റെഡ്ഡി ഒസ്മാനിയ സർവകലാശാലയിലെ വിദ്യാർത്ഥി നേതാവല്ലെന്നും ജില്ലാ പരിഷത്ത് ടെറിട്ടോറിയൽ മണ്ഡലം (ZTPC) തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അല്ലുവിന്റെ വീട്ടിലെ അക്രമം കോൺഗ്രസ് സ്‌പോർസർഷിപ്പ് പരിപാടിയാണെന്ന് കേന്ദ്രമന്ത്രിയും തെലങ്കാന ബിജെപി അദ്ധ്യക്ഷനുമായ ജി കിഷൻ റെഡ്ഡി ആരോപിച്ചിരുന്നു. സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിനെയും മുഖ്യമന്ത്രി കിഷൻ റെഡ്ഡിയേയും രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. കോൺഗ്രസിന് വേണ്ടി പ്രചാരണം നടത്താൻ തയ്യാറാകാത്തതിനാലാണ് അല്ലുവിനെ ലക്ഷ്യമിട്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അതേസമയം കേസിൽ പ്രതികളായ ആറ് പേർക്ക് ഹൈദരാബാദ് കോടതി ജാമ്യം അനുവദിച്ചു.
ഞായറാഴ്ച 4:45 ഓടെയാണ് അല്ലു അർജ്ജുന്റെ വീട്ടിലേക്ക് ഒരു സംഘമെത്തി അക്രമം നടത്തിയത്. വീടിന്റെ പരിസരത്ത് കടന്ന് പൂച്ചട്ടികൾ തല്ലി തകർക്കുകയും അവിടെ ഉണ്ടായിരുന്നവരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു.
പുഷ്പ 2 വിന്റെ പ്രീമിയറിനിടെ അല്ലു അർജ്ജുനെ കാണാൻ ഹൈദരാബാദിലെ തിയറ്ററിലെത്തിയ സ്ത്രീ തിക്കിലും തിരക്കിലും മരണപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ അല്ലുവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇതിന് പിന്നാലെ കോൺഗ്രസ് സർക്കാരിനെതിരെ അല്ലു അർജ്ജുൻ ആരാധകരുടെ വലിയ രോഷപ്രകടനമാണ് ഉണ്ടായത്.















