ജപ്പാനീസ് വാഹന നിർമാതാക്കളായ ഹോണ്ടയും നിസ്സാനും ഒന്നിക്കുന്നു. ഇത് സംബന്ധിച്ച പ്രാഥമിക ധാരണാപത്രത്തിൽ ഇരു കമ്പനികളും ഒപ്പുവെച്ചു. ആഗോള വാഹന വിപണിയിൽ വരുന്ന മാറ്റങ്ങൾക്ക് അനുസരിച്ച് തയ്യാറെടുക്കാനാണ് ജാപ്പനീസ് വാഹനനിര്‍മാതാക്കളായ ഹോണ്ടയും നിസ്സാനും കൈകോര്‍ക്കുന്നത്. ലയനം പൂർത്തിയാകുന്നതോടെ ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന നിർമ്മാതാക്കളായി ഇവർ മാറും.
ഇലക്ട്രിക്ക് വാഹന വിപണി ലക്ഷമിട്ടുകൊണ്ടാണ് സഹകരണം ശക്തമാക്കുന്നതെന്നാണ് സൂചന. നിലവിൽ ചൈനീസ് വാഹന നിർമാതാക്കളാണ് ആഗോള ഇവി വിപണി അടക്കി വാഴുന്നത്. അതിനിടെ ഹോണ്ടയ്‌ക്കും നിസ്സാനും ഒപ്പം മറ്റൊരു ജാപ്പനീസ് വാഹനനിര്‍മാതാക്കളായ ‘മിത്‌സുബിഷി’യും ലയനത്തിൽ പങ്കാളികളായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പുതിയ ജോയിന്റ് ഹോൾഡിംഗ് കമ്പനിക്ക് കീഴിൽ ഹോണ്ടയും നിസ്സാനും പ്രവർത്തനങ്ങൾ ഏകീകരിക്കുമെന്ന് ഹോണ്ടയുടെ പ്രസിഡൻ്റ് തോഷിഹിറോ മിബെ പറഞ്ഞു. ആദ്യ ഘട്ടത്തിൽ ഹോണ്ടയായിക്കും കമ്പനിയെ നയിക്കുക. 2026 ഓഗസ്റ്റിൽ ലയനം പൂർത്തിയാക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ടൊയോട്ട കഴിഞ്ഞാല്‍ ജപ്പാനിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹനനിര്‍മാതാക്കളാണ് ഹോണ്ട. നിസ്സാന്‍ ഏറ്റവും വലിയ മൂന്നാമത്തെ കമ്പനിയും. ടൊയോട്ട മോട്ടോർ കോർപ്പറേഷനുമായും ജർമ്മനിയുടെ ഫോക്‌സ്‌വാഗൺ എജിയുമായുമായാണ് ഇരുവരുടേയും മത്സരം.