ന്യൂഡൽഹി : ബഹിരാകാശരംഗത്ത് സുപ്രധാന ചുവടുവയ്പ്പുമായി ഐഎസ്ആർഒ. ബഹിരാകാശത്ത് വിത്ത് മുളപ്പിക്കാനാണ് ഐഎസ്ആർഒ പദ്ധതിയിടുന്നത്. പിഎസ്എൽവി റോക്കറ്റ് വിക്ഷേപണത്തിന് ശേഷം ബഹിരാകാശത്ത് ബാക്കിയാകുന്ന റോക്കറ്റ് ഭാഗത്തിനുള്ളിലാണ് വിത്ത് മുളപ്പിക്കുന്നത്. പിഎസ്എൽവി ഓർബിറ്റൽ എക്സ്പിരിമെന്റ് മൊഡ്യൂൾ-4 (poem-4) ആണ് ദൗത്യം. ഡിസംബർ 30-നാണ് വിക്ഷേപണം നടക്കുന്നത്.
വിത്ത് മുളപ്പിക്കുന്നത് കൂടാതെ ബഹിരാകാശ മാലിന്യങ്ങളെ പിടിച്ചെടുക്കാനുള്ള റോബോട്ടിക് കൈയും പിഎസ്എൽവി ഓർബിറ്റൽ എക്സ്പിരിമെന്റ് മൊഡ്യൂൾ 4-ൽ സജ്ജീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ ഗ്രീൻ പ്രൊപ്പൽഷൻ സംവിധാനം പരീക്ഷിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. രണ്ട് ഉപഗ്രഹങ്ങളാണ് പിഎസ്എൽവി റോക്കറ്റിൽ വിക്ഷേപിക്കുന്നത്. ചേസർ, ടാർഗറ്റ് എന്നീ ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്. ഓരോന്നിനും 220 കിലോഗ്രാം ഭാരമുണ്ടായിരിക്കും.
എട്ട് പയർ വിത്തുകൾ മുളപ്പിക്കാനാണ് പദ്ധതിയിടുന്നത്. രണ്ട് ഇലകൾ വരുന്നത് വരെയുള്ള സസ്യത്തിന്റെ വിവിധ ഘട്ടങ്ങൾ പരിശോധിക്കും. പിഎസ്എൽവി ഓർബിറ്റൽ എക്സ്പിരിമെന്റ് മൊഡ്യൂൾ-4 ദൗത്യത്തിൽ 24 പരീക്ഷണങ്ങളാണ് ഉള്ളത്. ഇതിൽ 14 എണ്ണം ഐഎസ്ആർഒയുടെ വിവിധ ലാബുകളിലും പത്തെണ്ണം സ്വകാര്യ യൂണിവേഴ്സിറ്റികളിലുമാണ് നടക്കുന്നത്.
വിക്രം സാരാഭായ് സ്പേസ് സെന്ററിൽ വികസിപ്പിച്ച ഓർബിറ്റൽ പ്ലാന്റ് സ്റ്റഡീസിനായുള്ള കോംപാക്ട് റിസർച്ച് മൊഡ്യൂളിന്റെ ഭാഗമായാണ് പരീക്ഷണം നടക്കുക. ഈ വിക്ഷേപണത്തിലൂടെ ഇസ്രോ ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണെന്നും ആഗോള ബഹിരാകാശ മേഖലയിൽ ഇന്ത്യയുടെ അഭിമാനം ഉയരുമെന്നും ഇസ്രോ ഉദ്യോഗസ്ഥൻ അറിയിച്ചു.