അഗർത്തല: അനധികൃതമായി ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കടന്ന രണ്ട് സ്ത്രീകളെ പിടികൂടി സുരക്ഷാ സേന. അഗർത്തല റെയിൽവേ സ്റ്റേഷനിൽ നിന്നാണ് യുവതികളെ പിടികൂടിയത്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും അതിർത്തി സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് യുവതികളെ കണ്ടെത്തിയത്. ബംഗ്ലാദേശിലെ ശരിയത്പൂർ സ്വദേശികളായ നിലുഫ ബീഗം, ജെയ്സ്മിൻ എന്നിവരാണ് പിടിയിലായത്.
ത്രിപുരയിൽ നിന്ന് ഡൽഹിയിലേക്ക് പോകുന്നതിനാണ് യുവതികൾ
റെയിൽവേ സ്റ്റേഷിനിലെത്തിയത്. രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ. യുവതികളെ അഗർത്തല ജിആർപി പൊലീസ് സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവരികയാണ്.
യുവതികളോടൊപ്പം ബംഗ്ലാദേശിൽ നിന്ന് കൂടുതൽ ആളുകൾ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടാകാമെന്ന സംശയത്തിലാണ് പൊലീസ്. അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അഗർത്തല ജിആർപി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.















