ന്യൂഡൽഹി: കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (CBCI) ക്രിസ്മസ് ആഘോഷത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയതിൽ അതീവ സന്തോഷമുണ്ടെന്ന് CBCI അദ്ധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്. വിവിധയിടങ്ങളിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുമ്പോഴുള്ള വേദന പ്രധാനമന്ത്രി അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. CBCI ക്ഷണിച്ചത് ബിജെപിയുടെ പ്രതിനിധിയെ അല്ല, ഇന്ത്യയുടെ പ്രധാനമന്ത്രിയേയാണെന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം ന്യൂഡൽഹിയിലെ CBCI ആസ്ഥാനത്ത് നടന്ന ക്രിസ്മസ് ആഘോഷത്തിൽ പ്രധാനമന്ത്രി പങ്കെടുത്തതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന അനുസരിച്ച് എല്ലാവരെയും ഉൾക്കൊള്ളിച്ചുവേണം ഭാരതത്തിന്റെ വളർച്ചയെന്ന് പ്രധാനമന്ത്രി അറിയിച്ചു. പോസിറ്റീവായ മറുപടിയാണ് പ്രധാനമന്ത്രി നൽകിയത്. പുൽക്കൂട് ആക്രമണത്തെ ആരും തന്നെ അംഗീകരിക്കുന്നില്ല. മതസൗഹാർദ്ദത്തോടെ പ്രവർത്തിക്കണമെന്നാണ് സഭ ആഗ്രഹിക്കുന്നതെന്നും എല്ലാ മതങ്ങൾക്കും സ്വാതന്ത്ര്യമുള്ള ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ആൻഡ്രൂസ് താഴത്ത് ചൂണ്ടിക്കാട്ടി.
എല്ലാ മതങ്ങൾക്കും സ്വാതന്ത്ര്യം നൽകുന്ന ഭരണഘടനയാണ് ഇന്ത്യക്കുള്ളത്. മതപരമായ ചടങ്ങുകളെയോ ആചാരങ്ങളെയോ ആക്രമിക്കുന്നതിനെ ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്നില്ല. ഓരോരുത്തർക്കും അവരുടെ വിശ്വാസം വലുതാണ്. ആ വിശ്വാസങ്ങളെ അംഗീകരിക്കുകയും വേണം. ഏതൊരു മതത്തിൽ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന നൽകുന്നുണ്ട്. ഒപ്പം മതസൗഹാർദവും ആവശ്യമാണ്. മതാഘോഷങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ ഇന്ത്യയിലെ ഒരു പൗരനും അംഗീകരിക്കരുതെന്നാണ് നിലപാട്.
CBCI ക്ഷണിച്ചത് ബിജെപിയുടെ നേതാവിനെയല്ല, ഇന്ത്യയുടെ പ്രധാനമന്ത്രിയേയാണ്. കേരളത്തിന്റെ മുഖ്യമന്ത്രിയേയും മറ്റ് മന്ത്രിമാരേയുമൊക്കെ പല സഹാചര്യങ്ങളിൽ ക്ഷണിച്ചിട്ടുണ്ട്. 24ന് നടക്കുന്ന ബോൺ നതാലെയ്‌ക്ക് ക്ഷണിച്ചിരിക്കുന്നത് പാർലമെന്ററി കാര്യ-ന്യൂനപക്ഷ വകുപ്പ് മന്ത്രിയായ കിരൺ റിജിജുവിനെയാണ്. 27ന് നടക്കുന്ന ചടങ്ങിൽ കേരളത്തിന്റെ പ്രതിപക്ഷ നേതാവാണ് എത്തുക. ഇതൊന്നും രാഷ്‌ട്രീയ പാർട്ടി നോക്കിയിട്ടല്ല. ക്രിസ്മസ് ആഘോഷച്ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷം അറിയിച്ചതിനൊപ്പം ക്രൈസ്തവർക്ക് നേരെ പലയിടങ്ങളിലും നടക്കുന്ന ആക്രമണങ്ങളിൽ പ്രധാനമന്ത്രി മോദി വേദന പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എല്ലാ മതവിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുവേണം ഈ രാജ്യം വികസനത്തിലേക്ക് കുതിക്കാനെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
ക്രൈസ്തവരുടെ പരിപാടിക്ക് ഇന്ത്യൻ പ്രധാനമന്ത്രിയെത്തുന്നതിൽ സന്തോഷമേയുള്ളൂ. എല്ലാ രാഷ്‌ട്രീയ പാർട്ടികൾക്കും അവരുടേതായ അഭിപ്രായങ്ങളുണ്ടാകും. അത് പറയുകയും ചെയ്യാം. എല്ലാവരുടെയും അഭിപ്രായങ്ങളെ ബഹുമാനിക്കുന്നു. അതിലൊന്നും അഭിപ്രായം പറയാനില്ല. ജർമനയിൽ നടന്ന സംഭവം ഉൾപ്പടെ ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി സംസാരിക്കുകയുണ്ടായി. വളരെ പോസിറ്റീവായ മറുപടിയാണ് മോദിയുടെ ഭാഗത്ത് നിന്നുണ്ടായത്. ചടങ്ങിനെ അനുമോദിച്ചുകൊണ്ടുള്ള റിപ്പോർട്ടാണ് അന്നേദിവസം രാത്രി പിഎംഒ ഓഫീസിൽ നിന്ന് ലഭിച്ചതെന്നും ആൻഡ്രൂസ് താഴത്ത് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.















