ക്രിസ്മസ് ആഘോഷത്തെ ലക്ഷ്യം വച്ച് വിവാദ ഇസ്ലാമത പ്രഭാഷകൻ സാക്കിർ നായിക്കിന്റ ഫേസ്ബുക്ക് പോസ്റ്റ്. അമുസ്ലീങ്ങളുടെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും എതെങ്കിലും തരത്തിൽ ഭാഗമാകുന്നതും മത വിരുദ്ധമാണെന്നാണ് പോസ്റ്റിന്റെ ഉള്ളടക്കം.
” മുസ്ലീങ്ങൾ മറ്റുള്ളവരുടെ ആഘോഷങ്ങളെ അനുകരിക്കുന്നത് അനുവദനീയമല്ല. മുസ്ലീങ്ങൾക്ക് അവരുടേതായ രീതികളുണ്ട്. ഭക്ഷണം, വസ്ത്രം, കുളി, വിളക്ക് കൊളുത്തൽ, എന്നിങ്ങനെ ഒരു കാര്യത്തിലും മറ്റുള്ളവരെ അനുകരിക്കരുത്. അമുസ്ലീങ്ങളുടെ ആഘോഷങ്ങളിൽ പങ്കെടുക്കരുത്. ആശംസ നേരുന്നതും സമ്മാനങ്ങൾ സ്വീകരിക്കുന്നതും അവരുടെ ആഘോഷങ്ങൾക്ക് ആവശ്യമായവ വിൽക്കുന്നതും ഇസ്ലാമിന് എതിരാണ്”, സാക്കിർ പറഞ്ഞു.
ഒക്ടോബറിൽ എക്‌സ് അക്കൗണ്ടിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയിരുന്നു. സാക്കിർ നായിക്കിനെ പാകിസ്താൻ ആദരിച്ചതിൽ പിന്നാലെയാണ് ഈ നീക്കം. കള്ളപ്പണം വെളുപ്പിക്കൽ, വിദ്വേഷ പ്രസംഗങ്ങളിലൂടെ തീവ്രവാദം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിരവധി കേസുകളിൽ ഇന്ത്യ തിരയുന്ന പ്രതിയാണ് സാക്കിർ നായിക്ക്.
നിയമനടപടി ആരംഭിച്ചതിനെ തുടർന്ന് നായിക് മലേഷ്യയിലാണ് താമസം. 2016 ജൂലായിലുണ്ടായ ധാക്ക ഭീകരാക്രമണത്തിൽ കുറ്റവാളികളായവരിൽ ഒരാൾ സാക്കിർ നായികിന്റെ യൂട്യൂബ് ചാനലിലെ പ്രഭാഷണങ്ങൾ സ്വാധീനിച്ചതായി സമ്മതിച്ചിരുന്നു. നിയമനടപടികൾക്കായി നായിക്കിനെ കൈമാറണമെന്ന് ഇന്ത്യ അഭ്യർഥിച്ചിരുന്നുവെങ്കിലും മലേഷ്യ അത് അനുവദിച്ചിട്ടില്ല.















