ന്യൂഡൽഹി: മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്‌കാരത്തിനുള്ള നാമനിർദ്ദേശ പട്ടികയിൽ ഇടം നേടാത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ഇന്ത്യൻ ഷൂട്ടർ മനു ഭാക്കർ. അവാർഡുകൾ പ്രചോദനം നൽകുന്നതാണെങ്കിലും അതല്ല തന്റെ ലക്ഷ്യമെന്ന് അവർ പറഞ്ഞു. പാരീസ് ഒളിമ്പിക്സിൽ ഇരട്ട മെഡൽ ജേതാവായ മനു ഭാക്കറിന് ഖേൽരത്ന നിഷേധിച്ചുവെന്ന തരത്തിൽ വ്യാപക പ്രചരണങ്ങൾ ഉണ്ടായതിനുപിന്നാലെയാണ് താരത്തിന്റെ പ്രതികരണം.
ഒരു കായിക താരമെന്ന നിലയിൽ രാജ്യത്തിനായി മത്സരിച്ച് മികച്ച പ്രകടനം കാഴ്‌ച്ചവെയ്‌ക്കുകയാണ് തന്റെ ചുമതല. പുരസ്കാരങ്ങളും അംഗീകാരങ്ങളും പ്രചോദനമാണെങ്കിലും അതൊന്നുമല്ല ആത്യന്തികമായ ലക്ഷ്യം. നാമനിർദ്ദേശം നൽകുന്നതിൽ തന്റെ ഭാഗത്തുനിന്നും പിഴവുണ്ടായെന്ന് സമ്മതിച്ച മനു ഭാക്കർ വിഷയത്തിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് ആളുകളോട് അഭ്യർത്ഥിച്ചു.
വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം അദ്ധ്യക്ഷനായ 12 അംഗ സെലക്ഷൻ കമ്മിറ്റി ഖേൽ രത്നയ്‌ക്കായി മനു ഭാക്കറിന്റെ പേര് ശുപാർശ ചെയ്തിരുന്നില്ല. ഇന്ത്യൻ ഹോക്കി പുരുഷ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്, പുരുഷന്മാരുടെ ഹൈജമ്പ് T64 ക്ലാസ് പാരീസ് പാരാലിമ്പിക്‌സ് സ്വർണ്ണ മെഡൽ ജേതാവ് പ്രവീൺ കുമാർ എന്നിവരുടെ പേരുകളാണ് നാമനിർദേശം ചെയ്യപ്പെട്ടത്. എന്നാൽ കമ്മിറ്റി ശുപാർശ ചെയ്തവരുടെ പേരുകൾ മാത്രമാണ് പുറത്തുവന്നതെന്നും അവാർഡിനുള്ളവരുടെ അന്തിമ പട്ടിക പൂർത്തിയായിട്ടില്ലെന്നും കേന്ദ്ര വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.















