ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയ നോട്ടീസ് തള്ളിയതിൽ പ്രതികരിച്ച് രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകർ. പച്ചക്കറിക്ക് അരിയുന്ന കത്തി ഉപയോഗിച്ച് ബൈപ്പാസ് സർജറി നടത്താൻ ശ്രമിക്കരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
“ഉപരാഷ്‌ട്രപതിക്കെതിരായ നോട്ടീസ് നോക്കൂ.. ചന്ദ്രശേഖർ ജി ഒരിക്കൽ പറഞ്ഞിട്ടുണ്ട്, പച്ചക്കറിക്കത്തി കൊണ്ട് ബൈപ്പാസ് സർജറി നടത്തരുതെന്ന്. ഇതിപ്പോ പച്ചക്കറിക്ക് അരിയുന്ന കത്തിപോലുമല്ല.. തുരുമ്പെടുത്ത കത്തികൊണ്ടാണ് നോട്ടീസ് എഴുതിയിരിക്കുന്നത്. പക്ഷെ എന്നെ ഞെട്ടിച്ചത് ഇതൊന്നുമല്ല. നിങ്ങളാരും നോട്ടീസ് വായിച്ചുപോലും നോക്കിയിട്ടില്ല എന്നതാണ്. വായിച്ചിരുന്നെങ്കിൽ ഉറക്കമില്ലാത്ത രാത്രികൾ നിങ്ങൾക്കുണ്ടായേനെ..” മാദ്ധ്യമപ്രവർത്തകരോട് ധൻകർ പറഞ്ഞു,
നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങളെ ഇഞ്ചിഞ്ചായി നശിപ്പിക്കുക, രാഷ്‌ട്രപതി പദത്തെ അപമാനിക്കുക ഇതൊക്കെയാണ് അവരുടെ ലക്ഷ്യം.. നിങ്ങളോർത്തോളൂ.. ആരാണ് നമ്മുടെ രാഷ്‌ട്രപതിയെന്ന്.. ഈ രാജ്യത്ത് രാഷ്‌ട്രപതി പദമലങ്കരിച്ച ആദ്യത്തെ വനവാസി വനിതയാണ് അവർ.. – ധൻകർ ഓർമിപ്പിച്ചു. പ്രതിപക്ഷമായ ഇൻഡി സഖ്യം സമർപ്പിച്ച അവിശ്വാസപ്രമേയ നോട്ടീസിനെക്കുറിച്ച് ജഗ്ദീപ് ധൻകർ നടത്തിയ ആദ്യ പ്രതികരണമായിരുന്നു ഇത്. രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ഹരിവംശ് അവിശ്വാസപ്രമേയ നോട്ടീസ് തള്ളിയിരുന്നു.
ബിജെപി എംപിമാരുടെ ആരോപണങ്ങൾക്ക് മറുപടി പറയാൻ സമയം നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു ഇൻഡി സഖ്യം രാജ്യസഭാ ചെയർമാനെതിരെ അവിശ്വാസപ്രമേയ നോട്ടീസ് നൽകിയത്. എന്നാൽ ചട്ടങ്ങൾ പാലിക്കുന്നതിലും രാജ്യസഭാ ചെയർമാന്റെ പേര് എഴുതിയതിലും പിഴവുവരുത്തിയതിനാൽ നോട്ടീസ് തള്ളുകയായിരുന്നു.