ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും ഭാരതരത്‌നയുമായ അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനമായ ഇന്ന് രാജ്യം സുശാസൻ ദിവസ് അഥവാ Good Governance Day ആയി ആചരിക്കുന്നു.
2014 ഡിസംബർ 23-ന് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിക്കും പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയ്‌ക്കും രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകി ആദരിച്ചു . അന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ 25 സദ്ഭരണ ദിനമായി പ്രഖ്യാപിച്ചു.

ഭരണജ്ഞൻ, കവി, നയതന്ത്രജ്ഞൻ, സ്വാതന്ത്ര്യ സമര സേനാനി എന്നീ നിലകളിൽ വ്യക്തി മുദ്രപതിപ്പിച്ച അടൽ ബിഹാരി വാജ്‌പേയി സർവ്വ സമ്മതനായിരുന്ന നേതാവായിരുന്നു. ആർഎസ്എസ് പ്രചാരകനിൽ തുടങ്ങി ഇന്ത്യൻ പ്രധാനമന്ത്രിവരെയെത്തിയ പതിറ്റാണ്ടുകൾ നീളുന്ന പൊതുജീവീതം രാജ്യത്തിന് നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണ്. പ്രധാനമന്ത്രി എന്ന നിലയിൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ രാജ്യാന്തര സമൂഹത്തിന്റെ പ്രശംസ പിടിച്ചുപറ്റി. കാർഗിൽ യുദ്ധം, ആണവ പരീക്ഷണം എന്നീ നിർണായ ഘട്ടങ്ങളിൽ അദ്ദേഹം സ്വീകരിച്ച ഉറച്ച നിലപാടുകൾ രാജ്യത്തിന്റെ സ്വാഭിമാനം ഉയർത്തിക്കാട്ടുന്നതായിരുന്നു.
1924 ഡിസംബർ 25ആം തീയതി ഗ്വാളിയോറിലായിരുന്നു വാജ്പേയിയുടെ ജനനം. ഹിന്ദിയിലും ഇംഗ്ലീഷിലും സംസ്കൃതത്തിലും ബിരുദം നേടിയിട്ടുള്ള വാജ്പേയി പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദ ധാരിയായിരുന്നു.കുട്ടിക്കാലത്ത് തന്നെ ആര്യസമാജത്തിന്റെയും ആർ എസ് എസിന്റെയും സജീവപ്രവർത്തകനായിരുന്ന അദ്ദേഹം പിൽക്കാലത്ത് വിദ്യാർത്ഥി സംഘടന പ്രവർത്തനങ്ങളിലും വ്യാപൃതനായി. ആര്യ സമാജത്തിന്റെ യുവജനവിഭാഗമായ ആര്യ കുമാരസഭയിലൂടെയാണ് അദ്ദേഹം പൊതു ജീവിതം ആരംഭിച്ചത്. 1942ൽ ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വാജ്പേയി14 ദിവസം ജയിൽ ശിക്ഷ അനുഭവിച്ചു. നിയമവിദ്യാർത്ഥിയായിരുന്ന വാജ്‌പേയി 1945 ൽ പഠനം ഉപേക്ഷിച്ച് സ്വാതന്ത്ര്യ പോരാട്ടങ്ങളിൽ സജീവമായി. 1947ൽ സംഘപ്രചാരകനായി മാറി.

സ്വാതന്ത്ര്യാനന്തരം 1951ൽ ഭാരതീയ ജനസംഘം ആരംഭിച്ചപ്പോൾ ശ്യാമപ്രസാദ് മുഖർജിയെ സഹായിക്കാനായി ആർഎസ്എസ് ചുമതലപ്പെടുത്തിയപ്പോൾ വാജ്‌പേയി ജനസംഘത്തിലെത്തി. 1957ൽ ഉത്തർ പ്രദേശിലെ ബൽറാംപൂരിൽ നിന്നും ജനസംഘത്തിന്റെ ടിക്കെറ്റിൽ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.1957ൽ ഭാരതീയ ജനസംഘത്തിന്റെ പാർലമെന്ററി പാർട്ടി നേതാവും 1968 ൽ പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷനുമായി.
അടിയന്തരാവസ്ഥ കാലയളവിൽ തടങ്കിലാക്കപ്പെട്ട വാജ്‌പേയി അടിയന്തരാവസ്ഥാനന്തരം രൂപപ്പെട്ട ജനതാ സർക്കാരിൽ വിദേശകാര്യ മന്ത്രിയായി. മൊറാർജി ദേശായി മന്ത്രിസഭയിൽ വിദേശകാര്യ വകുപ്പ് മന്ത്രിയായിരിക്കെ ഐക്യരാഷ്‌ട്ര പൊതു സഭയിൽ വാജ്പേയി നടത്തിയ ഹിന്ദി പ്രസംഗം ലോകശ്രദ്ധയാകര്ഷിച്ചു . 1980 ൽ നേതാക്കൾ ജനതാപാർട്ടി വിട്ട് ഭാരതീയ ജനതാ പാർട്ടി രൂപീകരിച്ചപ്പോൾ പാർട്ടിയുടെ പ്രഥമ അദ്ധ്യക്ഷനായതും വാജ്‌പേയിയായിരുന്നു.

1996 ൽ വാജ്‌പേയ് ആദ്യമായി പ്രധാനമന്ത്രിയായി. ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാതെ വന്നതോടെ 13 ദിവസത്തിന് ശേഷം രാജിവച്ചു. 1998ൽ വീണ്ടും അധികാരത്തിലെത്തിയെങ്കിലും 13 മാസത്തിന് ശേഷം അവിശ്വാസ പ്രമേയം വന്നപ്പോൾ രാജിവെച്ചു . 1999ൽ മൂന്നാം തവണയും പ്രധാനമന്ത്രിയായി. 2004 ൽ കാലാവധി അവസാനിക്കും വരെ സ്ഥാനത്ത് തുടർന്ന് 5 വർഷം കാലയളവ് തികയ്‌ക്കുന്ന ആദ്യ കോൺഗ്രസ് ഇതര പ്രധാനമന്ത്രിയായി. തുടർന്ന് സജീവ രാഷ്‌ട്രീയം ഉപേക്ഷിച്ച അദ്ദേഹം, പിൽക്കാലം വിശ്രമജീവിതം നയിച്ചു. 2018 ഓഗസ്റ്റ് 16 ന് 93-ാം വയസിൽ അന്തരിച്ചു. പൊഖ്രാനിൽ ഇന്ത്യ ആണവ പരീക്ഷണം നടത്തിയതും കാർഗിൽ യുദ്ധവിജയം നേടിയതും വാജ്പേയി സർക്കാരുകളുടെ കാലത്തായിരുന്നു.
ബൽറാം പൂർ. ലക്നൗ, ഗ്വാളിയോർ, ന്യൂഡൽഹി, ഗാന്ധി നഗർ, എന്നീ ലോകസഭാ മണ്ഡലങ്ങളെ അദ്ദേഹം പ്രതിനിധീകരിച്ചു. 1991 ൽ വിദിശയിൽ നിന്നും ജയിച്ചെങ്കിലും ലക്നൗ നിലനിർത്തി.

അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനമായ ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും തലസ്ഥാനത്തും വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരുക്കുന്നത്. സമാധി സ്ഥലമായ സദൈവ് അടലിൽ ഇന്ന് പ്രത്യേക പ്രാർത്ഥനകൾ നടക്കും. രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി എന്നിവർ സമാധി സ്ഥലത്തെത്തി പുഷ്പാർച്ചന നടത്തും.















