തിരുവനന്തപുരം: സർക്കാർ ജീവനക്കാർ ക്ഷേമപെൻഷൻ കൈപ്പറ്റിയ സംഭവം സംസ്ഥാന സർക്കാരിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. ഇവരിൽ മിക്കവരും വർഷങ്ങളായി തുക വാങ്ങുന്നു എന്ന റിപ്പോർട്ടാണ് പുറത്ത് വന്നത്.കഴിഞ്ഞ ദിവസം പെൻഷൻ കൈപ്പറ്റിയ മൃഗസംരക്ഷണ വകുപ്പിലെ 74 പേരുടെ വിവരങ്ങൾ പുറത്തുവിട്ടിരുന്നു.
അതേസമയം പെൻഷൻ റദ്ദാക്കാനുള്ള അപേക്ഷ നൽകിയിരുന്നുവെന്നും ഇതിൻ മേൽ നടപടിയെടുക്കാത്തത് പഞ്ചായത്തിന്റെ വീഴ്ചയാണെന്നും ആരോപിച്ച് പട്ടികയിൽ ഉൾപ്പെട്ട് ജീവനക്കാരി രംഗത്ത് വന്നു. 2018-ലാണ് സർക്കാർ ജോലി ലഭിച്ചതെന്നും അന്ന് തന്നെ ക്ഷേമപെൻഷൻ ഒഴിവാക്കാനായി അപേക്ഷ സമർപ്പിച്ചിരുന്നുവെന്നും മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി സർജനായ ശോഭ ചന്ദ്ര പറഞ്ഞു.
” ഭിന്നശേഷി പെൻഷന് അപേക്ഷിക്കുന്ന സമയത്ത് വളരെ ദരിദ്രയായിരുന്നു. മാതാപിതാക്കൾ കൂലിപ്പണി എടുത്താണ് കുടുംബം മുന്നോട്ട് കൊണ്ടുപോയത്. പഠനം കഴിഞ്ഞ് വരുമാനം ഇല്ലാതിരിരുന്ന സമയത്താണ് പെൻഷൻ വാങ്ങിയത്. സർക്കാർ ജോലി കിട്ടിയ വർഷം തന്നെ മലയിൻകീഴ് പഞ്ചായത്തിൽ പെൻഷൻ റദ്ദാക്കാൻ എഴുതി നൽകി. പിന്നീട് ശമ്പളം ലഭിച്ചപ്പോൾ ഈ പെൻഷനെ പറ്റി ശ്രദ്ധിച്ചിരുന്നില്ല. റദ്ദാക്കാനുള്ള അപേക്ഷ നൽകിയതിനാൽ ഇനി പെൻഷൻ വരില്ല എന്നാണ് കരുതിയത്. അതിന് ശേഷം പെൻഷൻ മസ്റ്ററിങ്ങും ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പക്കലുണ്ടെന്നും ജീവനക്കാരി കൂട്ടിച്ചേർത്തു.















