കോഴിക്കോട്: കാരവാനിൽ രണ്ട് പേർ മരിച്ചത് വിഷവാതകം ശ്വസിച്ചുതന്നെയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വാഹനത്തിലെ ജനറേറ്ററിൽ നിന്നുവന്ന കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണം. തിങ്കളാഴ്ച പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വിഷവാതകം ചോർന്നത് എങ്ങനെയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. കോഴിക്കോട് വടകരയിലാണ് സംഭവം നടന്നത്. കരിമ്പനപ്പാലത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന കാരവാനിൽ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഇരുവരും വാഹനം നിർത്തിയ ശേഷം എസി പ്രവർത്തിപ്പിച്ചിരുന്നു. ജനറേറ്റർ പുറത്തുവെക്കേണ്ടതിന് പകരം കാരവാനിൽ തന്നെ വെക്കുകയും ചെയ്തു. തുടർന്ന് ജനറേറ്ററിന്റെ പുകയിൽ നിന്നാണ് കാർബൺ മോണോക്സൈഡ് വാഹനത്തിനുള്ളിൽ പരന്നത്. ഇത് യുവാക്കളുടെ മരണത്തിന് ഇടയാക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജനറേറ്റർ പ്രവർത്തിപ്പിക്കുമ്പോൾ അത് പുറത്തേക്ക് വെക്കണമെന്നാണ് പറയുന്നത്. അടച്ചിട്ട മുറിയിൽ ജനറേറ്റർ വച്ച് പ്രവർത്തിപ്പിക്കുമ്പോൾ വിഷവാതകം ബഹിർഗമിക്കുകയും ഇതിന് പുറത്തേക്ക് പോകാൻ സാധിക്കാതെ വരികയും ചെയ്യുന്നു. മുറിയിൽ തങ്ങിനിൽക്കുന്നതിനാൽ അവിടെയുള്ളവർക്ക് ദേഹാസ്വാസ്ഥ്യം സംഭവിക്കും. ഇത് മരണത്തിലേക്ക് വഴിവെക്കുകയും ചെയ്യും.















