ഖജുരാഹോ: മധ്യപ്രദേശിലെ ഖജുരാഹോയിൽ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മോഹൻ യാദവ് സർക്കാർ അധികാരമേറ്റ് ഒരു വർഷമാകുമ്പോഴേക്കും വികസനത്തിന്റെ പുതിയ പാതയിലൂടെയാണ് മധ്യപ്രദേശ് കടന്നുപോകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആയിരക്കണക്കിന് കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഇവിടെ ആരംഭമായിരിക്കുന്നു. കെൻ-ബെത്വ നദീ പദ്ധതിക്കും തുടക്കമിട്ടു. മദ്ധ്യമപ്രദേശിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നതായും മോദി പറഞ്ഞു.
ലക്ഷക്കണക്കിന് കർഷക കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന പദ്ധതിയാണ് നദികളെ ബന്ധിപ്പിക്കുന്ന പ്രോജക്ടായ കെൻ-ബെത്വ. മധ്യപ്രദേശിലെയും ഉത്തർപ്രദേശിലെയും വിവിധ ജില്ലകളിൽ ജലസേചന സൗകര്യം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഖജുരാഹോയിൽ വിവിധ വികസനപദ്ധതികൾക്ക് തറക്കല്ലിട്ട മോദി, മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ 100-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സ്റ്റാമ്പും നാണയവും പ്രകാശനം ചെയ്തു. 100 രൂപയുടെ നാണയമാണ് കേന്ദ്രസർക്കാർ പുറത്തിറക്കിയത്. ഒരുവശത്ത് ഇന്ത്യയുടെ എംബ്ലവും മറുവശത്ത് വാജ്പേയിയുടെ ചിത്രവുമുണ്ട്.
1,153 അടൽ ഗ്രാമ സുശാസൻ കെട്ടിടങ്ങളുടെ തറക്കല്ലിടൽ കർമ്മവും അദ്ദേഹം നിർവഹിച്ചു. പ്രാദേശിക തലത്തിൽ സദ്ഭരണം മെച്ചപ്പെടുത്തുന്നതിൽ മുഖ്യപങ്കുവഹിക്കുന്ന ഗ്രാമപഞ്ചായത്തുകളുടെ പ്രവർത്തനങ്ങളെ സഹായിക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും.















