കോഴിക്കോട്/ തിരുവനന്തപുരം; ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ മരണം സംഭവിച്ചത് രാത്രി 10 മണിക്ക്. കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നെങ്കിലും പിന്നീട് അദ്ദേഹം മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയിരുന്നു. ഇതോടെ കഥാകാരന്റെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലായിരുന്നു കേരളം. ഈ പ്രതീക്ഷകൾ അസ്തമിപ്പിച്ചാണ് രാത്രി 10 മണിയോടെ വിയോഗവാർത്ത എത്തിയത്.
വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിക്ക് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക. ആശുപത്രിയിൽ നിന്നും ഭൗതികദേഹം കോഴിക്കോട്ടെ അദ്ദേഹത്തിന്റെ സിത്താര എന്ന വീട്ടിലേക്ക് എത്തിക്കും. വ്യാഴാഴ്ച നാലു മണിവരെ വീട്ടിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ സൗകര്യമൊരുക്കും. തുടർന്നാണ് സംസ്‌കാരം നടക്കുക.
മറ്റെവിടെയും പൊതുദർശനം വേണ്ടെന്ന ആഗ്രഹം എം.ടി. വാസുദേവൻ നായർ നേരത്തെ വീട്ടുകാരെ അറിയിച്ചിരുന്നു. അതുകൊണ്ടു തന്നെ മറ്റെവിടെയും ഭൗതിക ദേഹം പൊതുദർശനത്തിന് വയ്‌ക്കില്ല.
എം.ടിയുടെ വിയോഗത്തിൽആദര സൂചകമായി 26, 27 തിയ്യതികളിൽ സംസ്ഥാന സർക്കാർ ഔദ്യോഗികമായി ദുഃഖാചരണം പ്രഖ്യാപിച്ചു. 26 നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെച്ചു. കണ്ണൂരിലുള്ള മുഖ്യമന്ത്രി രാവിലെ കോഴിക്കോട്ടെ വസതിയിലെത്തി ആദരാഞ്ജലി അർപ്പിക്കും.
ഈ മാസം 15 നായിരുന്നു ശ്വാസ തടസത്തെ തുടർന്ന് എംടിയെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഹൃദയത്തിന്റെ പ്രവർത്തനം താളം തെറ്റിയതോടെ ആരോഗ്യനില വഷളായി. എന്നാൽ പിന്നീട് മരുന്നുകളോട് പ്രതികരിച്ചത് പ്രതീക്ഷയ്‌ക്ക് വക നൽകിയിരുന്നു.















