എഴുത്തിന്റെ പെരുന്തച്ചൻ എംടി വാസുദേവൻ നായർ അന്തരിച്ചു. മലയാളം വിടപറയുന്ന വേദനയാണ് മലയാളിക്ക്. കാരണം മലയാളിയെ അത്രമേൽ സ്വാധീനിച്ച മറ്റൊരു എഴുത്തുകാരനില്ല. എംടിയെന്ന രണ്ടക്ഷരം മലയാളത്തിലെ എല്ലാ അക്ഷരങ്ങൾക്കും തുല്യമാകുന്ന വിധം വാക്കുകളുടെ കരുത്തറിയിച്ച സാഹിത്യകാരനായിരുന്നു അദ്ദേഹം. എംടിയുടെ വിയോഗത്തിൽ ലോകത്തെമ്പാടുമുള്ള മലയാളികൾ വിതുമ്പുകയാണ്. ആധുനിക മലയാളത്തെ വിരൽപിടിച്ചുനടത്തിയ എഴുത്തുകാരിൽ പിതാവിന്റെ സ്ഥാനം തന്നെയാണ് എം.ടിക്കുള്ളതെന്ന് നടി മഞ്ജു വാര്യർ പറഞ്ഞു. എംടിയുടെ തിരക്കഥയിൽ പിറന്ന ‘ദയ’ എന്ന ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം ലഭിച്ചത് മഹാഭാഗ്യമായി കരുതുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ഫെയ്സ്ബുക്കിൽ മഞ്ജു എഴുതിയ കുറിപ്പ് വായിക്കാം..
എം.ടി. സാർ കടന്നുപോകുമ്പോൾ ഞാൻ ഒരു എഴുത്തോലയെക്കുറിച്ച് ഓർത്തുപോകുന്നു. ഒമ്പത് വർഷം മുമ്പ് തിരൂർ തുഞ്ചൻപറമ്പിൽ വിദ്യാരംഭം കലോത്സവം ഉദ്ഘാടനത്തിന് ചെന്നപ്പോൾ അദ്ദേഹം എനിക്ക് സമ്മാനിച്ചത്. അന്ന് ഞാൻ ആ വിരലുകളിലേക്കാണ് നോക്കിയത്. ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകൾ. അവിടെ സംസാരിച്ചപ്പോൾ ജീവിച്ചിരിക്കുന്ന എഴുത്തച്ഛനെന്നല്ലാതെയുള്ള വിശേഷണം മനസ്സിൽ വന്നില്ല. ആധുനിക മലയാളത്തെ വിരൽപിടിച്ചുനടത്തിയ എഴുത്തുകാരിൽ പിതാവിന്റെ സ്ഥാനം തന്നെയാണ് എം.ടി സാറിന് എന്നുതന്നെ വിശ്വസിക്കുന്നു. ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാൻ സാധിച്ചുള്ളൂ. പക്ഷേ എം.ടി.സാർ എനിക്ക് സമ്മാനിച്ച കഥാപാത്രത്തിന് ഏറ്റവും ആർദ്രതയേറിയ വികാരത്തിന്റെ പേരായിരുന്നു – ദയ! കാണുമ്പോഴൊക്കെ വാത്സല്യം തന്നു. ഇടയ്‌ക്കൊക്കെ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു. ആ ഓർമകളും വിരൽത്തണുപ്പ് ഇന്നും ബാക്കിനില്കുന്ന എഴുത്തോലയും മതി ഒരായുസ്സിലേക്ക്. നന്ദി സാർ, ദയാപരതയ്‌ക്കും മലയാളത്തെ മഹോന്നതമാക്കിയതിനും..