തിരുവനന്തപുരം: എംടിയെ അനുസ്മരിച്ച് കവി ശ്രീകുമാരൻ തമ്പി. എംടിക്ക് തുല്യം എംടി മാത്രമാണെന്നും ഇങ്ങനെയൊരു എഴുത്തുകാരനെ മലയാളം ഇതുവരെ കണ്ടിട്ടുമില്ല, ഇനി കാണുകയുമില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് വല്യേട്ടനെ പോലെയായിരുന്നു എംടിയെന്നും ശ്രീകുമാരൻ തമ്പി പ്രതികരിച്ചു.
എംടിയെക്കുറിച്ച് ഒരുപാട് ഓർമകളുണ്ട്. ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകരനായിരുന്നു. അദ്ദേഹത്തിന്റെ പിറകെ നടന്ന ഒരു വ്യക്തി കൂടിയാണ്. എന്നെയും വലിയ ഇഷ്ടമായിരുന്നു. ഒരു അനുജനെ പോലെ അദ്ദേഹം കണ്ടു. പലപ്പോഴും ഉപദേശിച്ചിട്ടുണ്ട്. സ്വന്തം സഹോദരനെ പോലെ അടുപ്പമുണ്ടായിരുന്നു. എനിക്ക് വല്യേട്ടനായിരുന്നു. എല്ലാ മലയാളികൾക്കും തീരാനഷ്ടമാണ്. കാരണം എംടിയെ പോലെ ഒരു എഴുത്തുകാരനെ മലയാള സാഹിത്യം ഇതുവരെ കണ്ടിട്ടില്ല. ഇനി കാണാൻ പോകുന്നുമില്ല. ഏതൊക്കെ പേര് പറഞ്ഞാലും അത് എംടിക്ക് പകരമാവില്ല. എംടി മരിച്ചുവെന്ന് പറഞ്ഞാൽ അത് മലയാള സാഹിത്യത്തിന്റെ ഒരു യുഗം അവസാനിച്ചുവെന്നാണ്. അതിൽ സംശയമില്ല. – ശ്രീകുമാരൻ തമ്പി അനുസ്മരിച്ചു.
എംടിയെ അവസാനമായി ഒരുനോക്ക് കാണാൻ കോഴിക്കോട്ടെ വസതിയിലേക്ക് കേരളത്തിന്റെ നാനാതുറകളിലുള്ളവർ എത്തിച്ചേരുകയാണ്. കൊട്ടാരം റോഡിലെ സിതാരയിലാണ് ഭൗതികദേഹമുള്ളത്. നേരം പുലരും മുൻപേ മോഹൻലാൽ സിതാരയിലേക്ക് എത്തിയിരുന്നു. എംടിയുടെ കഥകളെ അത്രമേൽ ഭംഗിയായി പകർത്തിയ ഹരിഹരനും എംടിയുടെ അരികിലണഞ്ഞു. കാൽപാദത്തിൽ തൊട്ട് നിലത്തിരുന്ന ഹരിഹരന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. സിനിമാ-രാഷ്‌ട്രീയ-സാഹിത്യ മേഖലകളിൽ നിന്നുള്ള നിരവധി പേർ സിതാരയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. വൈകിട്ട് അഞ്ച് മണിയോടെ സംസ്കാരം നടക്കും.