ന്യൂഡൽഹി: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശപ്പിച്ചു. ഡൽഹിയിലെ എയിംസിലെ അത്യാഹിത വിഭാഗത്തിൽ രാത്രി എട്ടോടെയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.
ഡോക്ടർമാരുടെ വിദഗ്ധ സംഘം പരിശോധിച്ചുവരികയാണ്. മൻമോഹൻ സിംഗിന്റെ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്നും അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ട് എക്സിൽ കുറിച്ചു.
മൻമോഹൻസിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള മെഡിക്കൽ ബുള്ളറ്റിൻ ഉടൻ വരുമെന്നാണ് വിവരം. മുതിർന്ന കോൺഗ്രസ് നേതാക്കൾ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. മൻമോഹൻ സിംഗിനെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങൾ ദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
2004 മുതൽ 2014 വരെ അദ്ദേഹം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു. 1991-96 കാലഘട്ടത്തിൽ പി വി നരസിംഹ റാവുവിന്റെ മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായിരുന്നു. രാജ്യസഭാംഗമായി തുടർന്ന അദ്ദേഹം കഴിഞ്ഞ ഏപ്രിലിലാണ് കാലാവധി അവസാനിച്ച്, വിശ്രമജീവിതത്തിലേക്ക് കടന്നത്.















