ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ വിയോഗത്തെ തുടർന്ന് രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ദുഃഖാചരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ഷെഡ്യൂൾ ചെയ്ത എല്ലാ പരിപാടികളും കേന്ദ്ര സർക്കാർ റദ്ദാക്കി. കൂടാതെ അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്താൻ ഇന്ന് രാവിലെ 11 മണിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം ചേരും.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഡൽഹി എയിംസിൽ വച്ച് വ്യാഴാഴ്ച രാത്രിയായിരുന്നു മൻമോഹൻ സിംഗിന്റെ അന്ത്യം. എഐസിസിയിൽ പൊതുദർശനമുണ്ടാകുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. ഇന്ന് നടത്താനിരുന്ന ബെലഗാവ് സമ്മേളനം റദ്ദാക്കിയ കോൺഗ്രസ് പ്രവർത്തകർ ഡൽഹിയിൽ എത്തിച്ചേർന്നിട്ടുണ്ട്. ശനിയാഴ്ചയാണ് സംസ്കാരം നടക്കുക. പൂർണ ഔദ്യോഗിക ബഹുമതികളോടെ ചടങ്ങുകൾ നടക്കും.
മൻമോഹൻ സിംഗിന്റെ മരണത്തെ തുടർന്ന് ഏഴ് ദിവസത്തെ പരിപാടികൾ കോൺഗ്രസ് റദ്ദാക്കിയിട്ടുണ്ട്. കർണാടകയിൽ ഡിസംബർ 27ന് സർക്കാർ അവധി പ്രഖ്യാപിച്ചതിനൊപ്പം ഏഴ് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചു. തെലങ്കാനയിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധിയാണ്. ഏഴു ദിവസത്തെ ദുഃഖാചരണവുമുണ്ട്. ഡൽഹി മുഖ്യമന്ത്രി അതിഷി എല്ലാ സർക്കാർ പരിപാടികളും റദ്ദാക്കി.
2004 മുതൽ 2014 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് 92-ാം വയസിലാണ് അന്തരിച്ചത്. രാഷ്‌ട്രപതിയും പ്രധാനമന്ത്രിയുമടക്കം നിരവധി പേർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ഭാരതത്തിന്റെ ഏറ്റവും മഹത്തായ പുത്രന്മാരിലൊരാളാണ് മൻമോഹൻ സിംഗെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു അനുശോചിച്ചു. രാജ്യത്തെ സമുന്നതനായ നേതാക്കളിൽ ഒരാൾ വിടവാങ്ങിയെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ശ്രമിച്ച പ്രധാനമന്ത്രിയാണ് മൻമോഹൻ സിംഗെന്നും മോദി പറഞ്ഞു.