കോഴിക്കോട്: നവകേരളാ ബസ് വീണ്ടും നിരത്തിൽ. രൂപം മാറ്റിയ ശേഷമാണ് എത്തിയിരിക്കുന്നത്. ഇടവേളയ്‌ക്ക് ശേഷമുള്ള ആദ്യ യാത്ര ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്കായിരുന്നു. എന്നാൽ ബസ് പുറപ്പെടാൻ വൈകിയത് യാത്രക്കാരെ പ്രതിസന്ധിയിലാക്കി. ഒടുവിൽ കോഴിക്കോട് ബസ് എത്തിയെങ്കിലും ഇന്നുമുതൽ സർവീസ് നടത്തുമെന്ന പ്രഖ്യാപനത്തിൽ ഇതുവരെയും തീരുമാനമായില്ല.
വിവാദങ്ങളാൽ സമ്പന്നമായ ഒന്നാണ് നവകേരള ബസ്. എൽഡിഎഫ് സർക്കാരിന്റെ നവകേരള യാത്രയ്‌ക്ക് കോടികൾ മുടക്കി നിർമിച്ച ബസ്, പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകും വിധം ഉപയോഗിക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. തുടർന്ന് നിരത്തിലിറക്കിയെങ്കിലും ലാഭമുണ്ടാക്കാൻ കഴിഞ്ഞില്ല. പിന്നീട് അറ്റകുറ്റപ്പണികൾക്കും മറ്റുമായി വീണ്ടും കട്ടപ്പുറത്തായി. ഒടുവിൽ ഇന്നലെയാണ് ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് ബസ് എത്തിച്ചത്. ബസിലെ ലിഫ്റ്റും പിൻവാതിലും മാറ്റിയിട്ടുണ്ട്. സീറ്റിംഗ് സംവിധാനത്തിലും അടിമുടി മാറ്റംവരുത്തിയാണ് വീണ്ടും നിരത്തിലിറക്കിയിരിക്കുന്നത്. 11 സീറ്റുകൾ കൂട്ടിച്ചേർത്തിട്ടുണ്ട്.
സർക്കാരിന് കറങ്ങാൻ കോടികൾ ചെലവഴിച്ച് ബസ് വാങ്ങിയതിൽ വലിയ വിമർശനം ഉയർന്നിരുന്നു. മുഖ്യമന്ത്രി സഞ്ചരിച്ച ബസാണെന്ന് പറഞ്ഞ് മ്യൂസിയത്തിൽ വച്ചാലും ജനങ്ങൾ വന്ന് കാണുമെന്നായിരുന്നു ഇടത് നേതാക്കളുടെ വിചിത്രവാദം. ഇപ്പോൾ നിരത്തിലിറങ്ങിയിട്ടും ബസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പഞ്ഞമില്ല.