കൊച്ചി: പുതുവർഷത്തിൽ ഫോർട്ട് കൊച്ചി വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കാൻ ഉപാധികളോടെ അനുമതി നൽകി ഹൈക്കോടതി. കാണികളുടെ സുരക്ഷ ഉറപ്പാക്കാനായി ബാരിക്കേഡ് ഉൾപ്പെടെ സ്ഥാപിക്കണമെന്ന ഉപാധികളോടെയാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. പാപ്പാഞ്ഞിയെ കത്തിക്കാൻ അനുവദിക്കില്ലെന്ന പൊലീസ് നിർദ്ദേശം ചോദ്യം ചെയ്ത് സംഘാടകരായ ഗലാ ഡി ഫോർട്ട് കൊച്ചിയാണ് കോടതിയെ സമീപിച്ചത്.
അനുമതി ലഭിച്ചതോടെ പരേഡ് ഗ്രൗണ്ടിലുൾപ്പെടെ ഫോർട്ട് കൊച്ചിയിൽ ഇത്തവണ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കും. 40 അടി ഉയരമുള്ള പാപ്പാഞ്ഞിയാണ് വെളി മൈതാനത്ത് ഒരുക്കിയത്. എന്നാൽ ക്രമസമാധാന പ്രശ്‌നത്തിന് സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് ഇടപെട്ടത്.
പരേഡ് ഗ്രൗണ്ടിൽ പാപ്പാഞ്ഞിയെ കത്തിക്കുന്നുണ്ടെന്നും ഇരുഗ്രൗണ്ടുകളും തമ്മിൽ രണ്ട് കിലോമീറ്റർ അകലം മാത്രമേയുള്ളൂവെന്നും ആയിരുന്നു പൊലീസ് വാദം. പരേഡ് ഗ്രൗണ്ടിൽ മാത്രം ആയിരത്തിലധികം പൊലീസുകാരെ ക്രമസമാധാന പാലനത്തിനായി നിയോഗിക്കേണ്ടി വരും. ഇത് കൂടാതെ വെളി മൈതാനത്ത് കൂടി പാപ്പാഞ്ഞിയെ കത്തിക്കാൻ അനുമതി നൽകിയാൽ സുരക്ഷാ പ്രശ്‌നം ഉണ്ടാകുമെന്നും പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ സുരക്ഷ ഉറപ്പാക്കാനായി നിരീക്ഷണ ക്യാമറകൾ ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ടെന്നും വിദേശികൾക്കായി പ്രത്യേക പവലിയൻ ഒരുക്കിയിട്ടുണ്ടെന്നും സംഘാടകർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോൾ തന്നെ പൊലീസ് നിർദ്ദേശം ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു. എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടിയെന്ന് കോടതി ചോദിച്ചിരുന്നു. എല്ലാ വകുപ്പുകളിൽ നിന്നും ആവശ്യമായ സുരക്ഷാ അനുമതികൾ ലഭിച്ചിട്ടുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ഈ രേഖകൾ ഇന്ന് ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. ഇത് പരിശോധിച്ച ശേഷമാണ് ഉപാധികളോടെ അനുമതി നൽകിയത്.















