സുരേഷ് ഗോപി കടുവാക്കുന്നേൽ കുറുവാച്ചനായി എത്തുന്ന ഒറ്റക്കൊമ്പന് തുടക്കം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം തലസ്ഥാനത്ത് പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിലെ മഹാഗണപതി ക്ഷേത്രത്തിൽ വച്ച് ലളിതമായ ചടങ്ങോടെ ആരംഭിച്ചു. ചലച്ചിത്ര പ്രവർത്തകരും, അണിയറ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം ഭദ്രദീപം തെളിച്ചു. നടൻ ബിജു പപ്പൻ സ്വിച്ചോൺ കർമ്മവും തിരക്കഥാകൃത്ത്, ഡോ. കെ. അമ്പാടി ഐ. ഏ എസ്. ഫസ്റ്റ് ക്ലാപ്പും നൽകി. മാർട്ടിൻമുരുകൻ, ജിബിൻ ഗോപിനാഥ് എന്നിവരടങ്ങുന്ന ആദ്യരംഗത്തോടെയാണ് ചിത്രീകരണമാരംഭിച്ചത്.ഷിബിൻ ഫ്രാൻസിസിന്റേതാണ് രചന.
കേന്ദ്ര മന്ത്രിയായതിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആദ്യചിത്രം കൂടിയാണ് ഒറ്റക്കൊമ്പൻ. ഫാമിലി ഇമോഷണൽ ത്രില്ലെർ ഡ്രാമയെന്ന ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. വലിയ മുതൽമുടക്കിൽ വിശാലമായ കാൻവാസിൽ വലിയ താരനിരയിവാണ് ചിത്രം ഒരുങ്ങുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റണി ബിജു പപ്പൻ, മേഘന രാജ് എന്നിവരും നിരവധി പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തിരുവനന്തപുരം, കോട്ടയം, പാലാ, ഈരാറ്റുപേട്ട, കൊച്ചി, ഹോങ്കോങ് എന്നിവിടങ്ങളിലാണ് ചിത്രീകരണം.