ചണ്ഡീഗഡ്: ബസ് പാലത്തിൽ നിന്ന് ചതുപ്പിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു. പഞ്ചാബിലെ ബത്തിൻഡയിലാണ് അപകടമുണ്ടായത്. അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. പാലം കടക്കുന്നതിനിടെയാണ് ബസ് ചതുപ്പിലേക്ക് മറിഞ്ഞത്. പാലത്തിൽ നിന്ന് ബത്തിൻഡ റോഡിലേക്ക് കടക്കുന്നതിനിടെയായിരുന്നു അപകടം.
നാട്ടുകാരും പൊലീസും ചേർന്നാണ് യാത്രക്കാരെ ബസിൽ നിന്ന് പുറത്തിറത്തെടുത്തത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബസ് ഭാഗികമായി തകർന്ന നിലയിലാണ്. പാലത്തിലേക്ക് കയറിയ ബസ് നിയന്ത്രണംവിട്ട് ചതുപ്പിലേക്ക് മറിയുകയായിരുന്നു. വെള്ളം നിറഞ്ഞ് കിടക്കുകയായിരുന്ന ചതുപ്പിലേക്ക് ഒരു വശം ചരിഞ്ഞാണ് ബസ് മറിഞ്ഞത്. ഓടികൂടിയവർ ബസിനുള്ളിൽ നിന്ന് ആളുകളെ വലിച്ച് പുറത്തെടുക്കുകയായിരുന്നു.
അമ്പത് യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇതിൽ 18 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. പൊലീസ് പ്രാഥമിക അന്വേഷണം നടത്തുന്നുണ്ട്. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ 25-ന് ഉത്തരാഖണ്ഡിലും സമാനമായ അപകടം റിപ്പോർട്ട് ചെയ്തിരുന്നു. ഭീംതാലിൽ ബസ് അഴുക്കുചാലിലേക്ക് മറിഞ്ഞ് നാല് പേർ മരിക്കുകയും 24-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അൽമോറയിൽ നിന്ന് ഹൽദ്വാനിയിലേക്ക് പോവുകയായിരുന്ന ബസ് 1500 അടി താഴ്ചയുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു.















