ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് പൂർണ ഔദ്യോഗിക ബഹുമതികളോടെ വിട നൽകി രാജ്യം. യമുനാതീരത്തെ നിഗംബോധ് ഘട്ടിൽ സിഖ് മതാചാരപ്രകാരമായിരുന്നു സംസ്‌കാരം. രാഷ്‌ട്രപതി ദ്രൗപദി മുർമു, ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിപക്ഷ നേതാവ് രാഹുൽ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, കേന്ദമന്ത്രിമാർ തുടങ്ങിയവർ സംസ്‌കാര ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാനെത്തി.
പാർട്ടി മുൻ അദ്ധ്യക്ഷ സോണിയാഗാന്ധി, വയനാട് എംപി പ്രിയങ്ക വാദ്ര ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും മറ്റ് രാഷ്‌ട്രീയ നേതാക്കളും മൻമോഹൻ സിംഗിന് യാത്രയയപ്പ് നൽകാനെത്തിയിരുന്നു. ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നംഗ്യേൽ വാങ്ചുക് ഉൾപ്പെടെ വിദേശ രാജ്യങ്ങളുടെ പ്രതിനിധികളും സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തു.
പുഷ്പാലംകൃത സൈനിക വാഹനത്തിലായിരുന്നു മൃതദേഹം നിഗംബോധ് ഘട്ടിലേക്ക് എത്തിച്ചത്. തുടർന്ന് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ളവർ അന്തിമോപചാരമർപ്പിച്ചു. സോണിയാഗാന്ധിയും മല്ലികാർജ്ജുൻ ഖാർഗെയും രാഹുലും ഉൾപ്പെടെയുള്ളവർ ഇവിടെയും മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു.
സൈന്യത്തിന്റെ ഔദ്യോഗിക ബഹുമതികൾ പൂർത്തിയായതോടെ സിഖ് മതാചാരപ്രാകാരമുളള സംസ്‌കാര ശുശ്രൂഷകൾ ആരംഭിച്ചു. ഗുർബാനി കീർത്തനങ്ങൾ ഉച്ചത്തിൽ ഉരുവിട്ടായിരുന്നു സിഖ് പുരോഹിതരുടെ നേതൃത്വത്തിൽ സംസ്‌കാര ശുശ്രൂഷകൾ നടന്നത്. ഭൗതികദേഹം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങുന്നതിന് മുൻപ് ആകാശത്തേക്ക് നിറയൊഴിച്ച് സൈന്യവും അവസാന സല്യൂട്ട് പൂർത്തിയാക്കി.
രാവിലെ 8.30 ഓടെയാണ് ഡോ. മൻമോഹൻ സിംഗിന്റെ വസതിയിൽ നിന്ന് ഭൗതികദേഹം അക്ബർ റോഡിലെ എഐസിസി ആസ്ഥാനത്ത് പൊതുദർശനത്തിനായി എത്തിച്ചത്.
കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ തുടങ്ങി നിരവധി കോൺഗ്രസ് നേതാക്കൾ പാർട്ടി ആസ്ഥാനത്ത് പ്രിയനേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. 11.30 ഓടെയാണ് ഇവിടെ നിന്നും ഭൗതികദേഹം നിഗംബോധ് ഘട്ടിൽ എത്തിച്ചത്.