തിരുവനന്തപുരം: 2024ൽ മലയാള സിനിമാ മേഖല നേരിട്ടത് ഭീമമായ നഷ്ടമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. 700 കോടി രൂപയാണ് നഷ്ടം സംഭവിച്ചത്. 199 മലയാള ചിത്രങ്ങൾക്കായി ആയിരം കോടി മുതൽമുടക്കിയപ്പോൾ ഇതിൽ ലാഭമുണ്ടാക്കിയത് 26 സിനിമകൾ മാത്രമാണ്. 2024 അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കുന്ന പശ്ചാത്തലത്തിലാണ് സംഘടന പതിവുപോലെ കണക്കുകൾ അവതരിപ്പിച്ചത്.
204 സിനികളാണ് 2024ൽ റിലാസായത്. ഇതിൽ അഞ്ചെണ്ണം റീ-റിലീസാണ്. ശേഷിക്കുന്ന 199 സിനിമകൾക്കായി ആയിരം കോടിയോളമാണ് മുതൽമുടക്കിയത്. ഇതിൽ ലാഭമുണ്ടാക്കിയത് 26 സിനിമകൾ മാത്രം. സൂപ്പർ ഹിറ്റ്, ഹിറ്റ്, ആവറേജ് തുടങ്ങിയ ഗണങ്ങളിൽ ഉൾപ്പെടുത്താവുന്ന സിനിമകളുടെ എണ്ണമാണിത്. ശേഷിക്കുന്നതെല്ലാം ബോക്സോഫീസിൽ പരാജയപ്പെട്ടു. തുടർന്നാണ് 700 കോടി രൂപയോളം നഷ്ടമുണ്ടായത്. റീ-റിലീസ് ചിത്രങ്ങളിൽ നേട്ടമുണ്ടാക്കിയത് ദേവദൂതൻ മാത്രമാണ്. എല്ലാവർഷത്തെയും പോലെ ഇക്കൊല്ലവും നഷ്ടമുണ്ടായെന്ന് മാത്രമല്ല, മുൻവർഷത്തേക്കാൾ കൂടുതലാണ് നഷ്ടമെന്നും നിർമാതാക്കളുടെ സംഘടന അറിയിച്ചു.
അഭിനേതാക്കളുടെ പ്രതിഫലത്തിൽ ഓരോ വർഷവും ഗണ്യമായ വർദ്ധനയുണ്ടാകുന്നു. പ്രതിഫലം കുറയ്‌ക്കാത്തത് വലിയ പ്രതിസന്ധിയാണെന്നും നിർമാതാക്കളുടെ സംഘടന സൂചിപ്പിച്ചു. അസോസിയേഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.