ബംഗളൂരു: നഗരത്തിൽ വീണ്ടും പിറ്റ് ബുൾ നായയുടെ ആക്രമണം. ബാനസവാഡിയിൽ പിറ്റ്ബുള്ളിന്റെ ആക്രമണത്തിൽ രണ്ട് വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ നായ ഉടമയ്‌ക്കെതിരെ കേസെടുത്തു.
ബാനസവാടിയിലെ ഐടിസി റോഡിൽ സ്ഥിതി ചെയ്യുന്ന സുബ്ബണ്ണപാളയത്താണ് രണ്ട് വയസുകാരിക്ക് പിറ്റ്ബുള്ളിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. അമ്മയ്‌ക്കൊപ്പ നടക്കുകയായിരുന്ന പെൺകുട്ടിയുടെ തോളിൽ അയൽവാസിയുടെ നായ കടിക്കുകയായിരുന്നു. ആക്രമണത്തിനിടെ നായയെ തള്ളിമാറ്റാൻ ശ്രമിച്ച അമ്മയെയും നായ ആക്രമിച്ചു.
പെൺകുട്ടിയുടെ പിതാവ് അടുത്ത ദിവസം പോലീസിൽ പരാതി നൽകി. സമീപത്തെ ഹോട്ടലിൽ ജോലി ചെയ്യുന്ന പെൺകുട്ടിയുടെ മാതാപിതാക്കൾ രണ്ട് മാസം മുമ്പാണ് മകളേയും കൂട്ടി ബെംഗളൂരുവിലേക്ക് താമസം മാറ്റിയത്. ഇവർ ഇപ്പോൾ സുബ്ബണ്ണപാളയയിലെ വാടക വീട്ടിലാണ് താമസിക്കുന്നത്. പെൺകുട്ടിയുടെ ചികിത്സാ ചെലവ് നായയുടെ ഉടമ വഹിക്കാത്തതിൽ ഇരയുടെ കുടുംബം പ്രതിഷേധം പ്രകടിപ്പിച്ചു
മൃഗങ്ങളുമായി അശ്രദ്ധമായി പെരുമാറിയതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 291 പ്രകാരമാണ് നായ ഉടമയ്‌ക്കെതിരെ അധികൃതർ കേസെടുത്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. വൈദ്യസഹായം ലഭ്യമായതോടെ പെൺകുട്ടി ഗുരുതരാവസ്ഥ പിന്നിട്ടു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.