കാബൂൾ : പാകിസ്താൻ സൈന്യത്തിന് കനത്ത തിരിച്ചടി നൽകി അഫ്‍ഗാനിസ്ഥാന്‍. പാകിസ്താൻ ആർമിയുടെ രണ്ട് പോസ്റ്റുകൾ അവർ പിടിച്ചെടുത്തു, 19 പാക് സൈനികരെ കൊലപ്പെടുത്തി. പാക്- അഫ്ഗാൻ അതിർത്തിയിലുള്ളത് യുദ്ധ സമാന സാഹചര്യമെന്ന് പ്രതിരോധ വിദഗ്‌ധർ പറയുന്നു.
അഫ്ഗാനിസ്ഥാനിൽ പാകിസ്താന്റെ വ്യോമസേന നടത്തിയ കനത്ത ആക്രമണങ്ങൾക്ക് ദിവസങ്ങൾക്ക് ശേഷം താലിബാൻ സേന തിരിച്ചടിച്ചതായും “നിരവധി പോയിൻ്റുകൾ” ലക്ഷ്യം വച്ചതായും അഫ്ഗാനിസ്താന്റെ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
അഫ്ഗാൻ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പാകിസ്താനിൽ ആക്രമണം നടത്തിയതായി പേരെടുത്ത് വ്യക്തമാക്കിയിട്ടില്ല, എന്നാൽ ആക്രമണങ്ങൾ “സാങ്കൽപ്പിക രേഖയ്‌ക്ക്” അപ്പുറത്താണ് നടന്നതെന്ന് അവർ പറഞ്ഞു . പാകിസ്താനുമായുള്ള അതിർത്തിയെ പരാമർശിക്കാൻ അഫ്ഗാൻ അധികാരികൾ ഉപയോഗിച്ച പ്രയോഗമാണ് സാങ്കൽപ്പിക രേഖ എന്നത്.
“അഫ്ഗാനിസ്താനിൽ ആക്രമണങ്ങൾ സംഘടിപ്പിക്കുകയും ഏകോപിപ്പിക്കുകയും ചെയ്ത ക്ഷുദ്രശക്‌തികൾക്കും അവരെ പിന്തുണയ്‌ക്കുന്നവർക്കും കേന്ദ്രങ്ങളും ഒളിത്താവളങ്ങളും ആയി വർത്തിക്കുന്ന, സാങ്കൽപ്പിക രേഖയ്‌ക്ക് അപ്പുറത്തുള്ള നിരവധി പോയിൻ്റുകൾ ഞങ്ങൾ ലക്ഷ്യമിടുന്നു,” മന്ത്രാലയം പറഞ്ഞു.
നിങ്ങൾ പ്രസ്താവനയിൽ പാകിസ്താനെയാണോ പരാമർശിക്കുന്നത് എന്ന ചോദ്യത്തിന്, “ഞങ്ങൾ ഇത് പാകിസ്താന്റെ പ്രദേശമായി കണക്കാക്കുന്നില്ല, അതിനാൽ, ഞങ്ങൾക്ക് പ്രദേശം സ്ഥിരീകരിക്കാൻ കഴിയില്ല, പക്ഷേ അത് സാങ്കൽപ്പിക രേഖയുടെ മറുവശത്തായിരുന്നു.” എന്ന് മന്ത്രാലയ വക്താവ് ഇനായത്തുള്ള ഖൊവാരസ്മി മറുപടിപറഞ്ഞു.
ഇന്നത്തെ അഫ്‍ഗാനിസ്ഥാനും പാകിസ്താനും ഇടയിലായി 19-ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് അധികാരികൾ വരച്ച ഡ്യൂറൻഡ് ലൈൻ എന്നറിയപ്പെടുന്ന സാങ്കല്പിക രേഖയാണ് അതിർത്തി. ഈ രേഖയെ അഫ്ഗാനിസ്താൻ പതിറ്റാണ്ടുകളായി നിരസിച്ചു പോരുന്നു.
സംഭവ വികാസങ്ങളോട് പാകിസ്താൻ സൈന്യത്തിന്റെ പബ്ലിക് റിലേഷൻസ് വിഭാഗവും വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവും പ്രതികരിച്ചില്ല.
അഫ്ഗാൻ അതിർത്തിക്കടുത്ത് വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 46 പേരെ പാകിസ്താൻ കൊലപ്പെടുത്തിയിരുന്നു. ഇതാണ് സ്ഥിതി വഷളാക്കിയത്.















