ആരാധകർ ഏറെയുള്ള താരമാണ് ഹണി റോസ്. ഉദ്ഘാടനവേദികളിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ എപ്പോഴും ശ്രദ്ധേയമാവാറുണ്ട്. ഉദ്ഘാടനങ്ങളിൽ പങ്കെടുക്കുന്നതിന്റെ പേരിൽ വലിയ തോതിൽ സൈബറാക്രമണങ്ങളും താരത്തിനെതിരെ ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ, ഉദ്ഘാടനങ്ങളിൽ പങ്കെടുക്കുന്നതിനെ കുറിച്ച് സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നുപറയുകയാണ് താരം.
“ആളുകൾ ഉദ്ഘാടനങ്ങൾക്ക് വിളിക്കുമ്പോൾ വലിയ അംഗീകാരമായാണ് എനിക്ക് തോന്നുന്നത്. ഞാൻ സിനിമയിൽ വന്നപ്പോൾ മുതൽ ഉദ്ഘാടനങ്ങൾക്ക് പോകാറുണ്ട്. പരിചയമുള്ള ആളുകൾ എന്നെ വിളിക്കും. ഞാൻ ഉദ്ഘാടനം ചെയ്ത സ്ഥാപനങ്ങളെല്ലാം നന്നായി പോകുന്നുണ്ട്. ഞാൻ തന്നെ ഒരു സ്ഥാപാനം തുടങ്ങിയാൽ നല്ലൊരാൾ ഉദ്ഘാടനം ചെയ്യണമെന്ന് ആഗ്രഹിക്കും. ഐശ്വര്യമുള്ള ഒരു വ്യക്തി തന്നെ വരണമെന്ന് ചിന്തിക്കും. അതുപോലെ ചിന്തിച്ച്, എന്നെ ഉദ്ഘാടനത്തിന് വിളിക്കുന്നുണ്ടെങ്കിൽ അതൊരു ഭാഗ്യമായാണ് ഞാൻ കണക്കാക്കുന്നത്”.
“ഞാൻ ഉദ്ഘാടനം ചെയ്ത പല സ്ഥാപനങ്ങളിലെയും ആളുകൾ എന്നെ വിളിച്ച് സംസാരിക്കാറുണ്ട്. നല്ല രീതിയിലാണ് ബിസിനസ് പോകുന്നതെന്ന് അവർ എന്നോട് പറയും. ബോയ്ഫ്രണ്ട് കഴിഞ്ഞ സമയം മുതൽ ഞാൻ ഉദ്ഘാടനങ്ങൾ ചെയ്യാറുണ്ട്. പക്ഷേ, സോഷ്യൽമീഡിയ ഉള്ളതുകൊണ്ടാണ് കൂടുതലായും എല്ലാവരും അറിയാൻ തുടങ്ങിയത്. കമന്റുകളിൽ ചിലതൊക്കെ വായിക്കാറുണ്ട്. പക്ഷേ, വിഷമമൊന്നും തോന്നിയിട്ടില്ല. കാരണം, ആളുകൾ അവരുടെ അഭിപ്രായങ്ങളാണ് പറയുന്നത്”.
“മുമ്പ് കവലയിൽ കൂടിയിരുന്ന് ആളുകൾ ഓരോ കുറ്റങ്ങൾ പറയാറുണ്ട്. ഇന്ന് സോഷ്യൽ മീഡിയയിലൂടെ ഓരോന്ന് പറയുന്നു. അവരുടെ ഇഷ്ടത്തിനനുസരിച്ച് അവരുടെ അഭിപ്രായങ്ങളാണ് പറയുന്നത്. അതൊന്നും എന്നെ ഒരിക്കലും ബാധിച്ചിട്ടില്ല. അതൊക്കെ വലിയ വിഷയമാണെന്ന് തനിക്ക് തോന്നിയിട്ടുമില്ലെന്ന്”ഹണി റോസ് പറഞ്ഞു.