എംടി വാസുദേവൻ നായരുടെ പ്രശസ്ത നോവൽ ‘രണ്ടാമൂഴം’ പാൻ ഇന്ത്യൻ സിനിമയാക്കാനൊരുങ്ങുന്നുവെന്ന വാർത്ത പുറത്തുവരുന്നിരുന്നു. ഇതിനിടെ സിനിമയുടെ സംവിധായകനെ നിർദ്ദേശിച്ചത് മണിരത്നമാണെന്നും പ്രചരണമുണ്ടായിരുന്നു. ഇതിനെ പാടെ തള്ളുകയാണ് എംടിയുടെ മകൾ അശ്വതി.
പാൻ ഇന്ത്യൻ സിനിമ ഇറക്കാനുള്ള ഒരുക്കങ്ങൾ പ്രാഥമികഘട്ടത്തിലാണ് അശ്വതി പറഞ്ഞു. രണ്ടാമൂഴം സിനിമയ്‌ക്ക് ആവശ്യമായ എല്ലാ റഫറൻസ് മെറ്റീരിയലുകളുടെയും വിശദാംശങ്ങൾ, സീനുകൾ എങ്ങനെയായിരിക്കണം കഥാപാത്രങ്ങളുടെ വേഷവിധാനവും മാനറിസവും പ്രോപ്പർട്ടികളുടെ വിവരണം വരെ വളരെ വിശദമായി പറയുന്ന വീഡിയോ ഡോക്യുമെൻ്റ് ഉൾപ്പടെയാണ് സംവിധായകന് തിരക്കഥ കൈമാറിയത്. ഇപ്പോൾ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും അശ്വതി കൂട്ടിച്ചേർത്തു.
രണ്ടാമൂഴത്തിന്റെ തിരക്കഥ മലയാളത്തിലും ഇംഗ്ലീഷിലും വർഷങ്ങൾക്ക് മുൻപ് തന്നെ എംടി എഴുതി പൂർത്തിയാക്കിയതാണ്. അഞ്ച് മണിക്കൂറോളം ദൈർഘ്യമുണ്ട്. ഇപ്പോൾ കണ്ടെത്തിയ സംവിധായകന്റെ നിർമാണ കമ്പനിയും എംടിയുടെ കുടുംബവും ഉൾപ്പെടുന്ന കമ്പനിയും ചേർന്നാകും സിനിമ നിർമിക്കുക. വൈകാതെ തന്നെ സിനിമയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.