ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ തിയറ്ററുകൾ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വയലൻസ് കൂടി ചലച്ചിത്രമെന്ന വിശേഷണവുമായാണ് ചിത്രം എത്തിയത്. വയലൻസിന്റെ തീവ്രത പ്രേക്ഷകരിലേക്ക്
എത്തിക്കാൻ 240 ലിറ്റർ പ്രോസ്തറ്റിക് ബ്ലഡാണ് ഉപയോഗിച്ചതെന്ന് ചിത്രത്തിന്റെ മേക്കപ്പ് ആർടിസ്റ്റ് സുധി സുരേന്ദ്രൻ ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
” ഇത്രയും ‘ബ്ലഡ്’ ഉപയോഗിച്ച മറ്റൊരു മലയാള സിനിമ ഉണ്ടാകില്ല. 240 ലിറ്റർ പ്രോസ്തറ്റിക് ബ്ലഡ് ആണ് സിനിമയ്‌ക്ക് വേണ്ടി നിർമിച്ചത്. കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്ന രക്തമാണ് പ്രോസ്തറ്റിക് ബ്ലഡ്. ഇത് നിർമിക്കാൻ നല്ല ചിലവു വരും. ആർടിസ്റ്റുകളുടെ മുഖത്തും ദേഹത്തുമെല്ലാം ഉപയോഗിക്കേണ്ടതുകൊണ്ട് നല്ല പ്രോഡക്ട് തന്നെ വേണം. മേക്കപ്പിന് മാത്രമാണ് 240 ലിറ്റർ ഉപയോഗിച്ചത്. നിലത്ത് ഒഴിക്കാനും സെറ്റിന്റെ ഭാഗമായും ഒക്കെ ധാരാളം രക്തം വേറെയും വേണ്ടിവന്നു സുധി പറഞ്ഞു.
ഉണ്ണി മുകുന്ദൻ വലിയ സപ്പോർട്ടാണ് നൽകിയത്. അദ്ദേഹത്തിന്റെ കണ്ണിന്റെ ഉള്ളിൽ വരെ ചോര കാണിക്കുന്നുണ്ട്. ‘ഐ ബ്ലഡ്’ എന്ന പ്രോഡക്ടാണ് ഇവിടെ ഉപയോഗിച്ചത്. എല്ലാ ആർടിസ്റ്റുകളും ഇതു കണ്ണിലിടാൻ സമ്മതിക്കാറില്ല. ഓരോ ഷോട്ടിനും ‘ഐ ബ്ലഡ്’ ഉപയോഗിച്ചിരുന്നുവെന്നും സുധി കൂട്ടിച്ചേർത്തു.
സിനിമയിൽ കാണിക്കുന്ന വെട്ടിയെടുത്ത കൈ, തല, ശരീരഭാഗങ്ങൾ, ചോരക്കുഞ്ഞ് തുടങ്ങിയവയുടെയെല്ലാം സുധിയുടെ കരവിരുതിലാണ് പിറന്നത്. സുധിയുടെ ക്രിസ്മസ് ആശംസ പോലും മാർക്കോയെ ചുറ്റിപ്പറ്റിയായിരുന്നു. വെട്ടിയ തല കൂളായി പിടിച്ചു നിന്നുകൊണ്ടാണ് ഈ വർഷത്തെ ക്രിസ്മസ് ആശംസകൾ സുധി പങ്കുവച്ചത്.















