ന്യൂഡൽഹി: മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയോട് കോൺഗ്രസ് കടുത്ത വിവേചനമാണ് കാണിച്ചതെന്ന് മകൾ ശർമ്മിഷ്ഠ മുഖർജി. അദ്ദേഹം മരിച്ചപ്പോൾ അനുശോചന യോഗം ചേരാൻ പോലും കോൺഗ്രസ് തയ്യാറായില്ല. മുൻ പ്രധാനമന്ത്രി നരസിംഹ റാവു മരിച്ചപ്പോഴും കടുത്ത അവഗണനയാണ് കാണിച്ചതെന്നും ശർമ്മിഷ്ഠ കുറ്റപ്പെടുത്തി. മൻമോഹൻ സിംഗിന്റെ സംസ്കാരവുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസിനെ രൂക്ഷമായ ഭാഷയിലാണ് അവർ വിമർശിച്ചത്.
” പ്രണബ് മുഖർജി കോൺഗ്രസിന്റെ മുതിർന്ന നേതാവാണ്. അദ്ദേഹം മരിച്ചപ്പോൾ പ്രവർത്തക സമിതി ചേർന്ന് അനുശോചനം അറിയിക്കണമായിരുന്നു. എന്നാൽ കോൺഗ്രസ് അത് ചെയ്തില്ല. സോണിയാ ഗാന്ധി ഒരു കുറിപ്പ് നൽകിയിരുന്നു. എന്നാൽ വ്യക്തിപരമായ കുറിച്ച് സംഘടനാപരമാവില്ല. സോണിയയോ രാഹുലോ മരണശേഷം കുടുംബത്തെ വിളിക്കാൻ പൊലും തയ്യാറായിട്ടില്ല. ഇക്കാര്യം ഇന്നും വേദനയാണ്.
മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിനോട് കോൺഗ്രസ് നേതൃത്വം ചെയ്തത് എല്ലാവരും കണ്ടതാണ്. അദ്ദേഹത്തിന്റെ മൃതദേഹം എഐസിസി ഓഫീസുള്ളിൽ കയറ്റാനോ ഡൽഹിയിൽ സംസ്ക്കരിക്കാനോ സമ്മതിച്ചില്ല. മൻമോഹൻ സിംഗിന്റെ സംസ്കാരവുമായി ബന്ധപ്പട്ട വിവാദം അനാവശ്യവും നിർഭാഗ്യവുമാണ്. എന്തും വിവാദമാക്കുന്നതാണ് ഇപ്പോഴത്തെ കോൺഗ്രസിന്റെ ശൈലി. മൻമോഹന് സ്മാരകം നിർമിക്കില്ലെന്ന് മോദി സർക്കാർ പറഞ്ഞാൽ അത് തീർച്ചയായും അപലപിക്കേണ്ടതാണ്. എന്നാൽ സ്മാരകം നിർമിക്കുമെന്ന് പറഞ്ഞിട്ടും വിവാദമുണ്ടാക്കുന്നത് അനാവശ്യമാണെന്നും ശർമ്മിഷ്ഠ മുഖർജി കൂട്ടിച്ചേർത്തു.















