ന്യൂഡൽഹി: രണ്ട് വ്യത്യസ്ത ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽ വച്ച് കൂട്ടിയോജിപ്പിക്കുന്നതിനുള്ള സ്പെയ്ഡെക്സ് ദാത്യത്തിന്റെ വിക്ഷേപണം ഇന്ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ നിന്ന് രാത്രി 9.58-ന് പിഎസ്എൽവിസി- 60 കുതിച്ചുയരും. 2024-ലെ ഇസ്രോയുടെ അവസാന വിക്ഷേപണമാണിത്.
വിക്ഷേപണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഇസ്രോ അറിയിച്ചു. ചേസർ, ടാർജറ്റ് എന്നീ രണ്ട് ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്. 220 കിലോഗ്രാം ഭാരമാണ് ഇവയ്‌ക്കുള്ളത്. ബഹിരാകാശത്ത് എത്തുന്ന ഉപഗ്രഹങ്ങൾ വേർപിരിക്കുകയും പിന്നീട് കൂട്ടിയോജിക്കുകയും ചെയ്യുന്നു. ഇത് രണ്ടും വിജയകരമായി നടന്നാൽ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
രണ്ട് ഉപഗ്രഹങ്ങളെ കൂടാതെ 24 പരീക്ഷണോപകരണങ്ങൾ കൂടി പിഎസ്എൽവി ഭ്രമണപഥത്തിൽ എത്തിക്കും. രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേർക്കുക എന്നത് എളുപ്പമല്ലാത്തതിനാൽ, രണ്ട് പേടകങ്ങളുടെയും വേഗത കൃത്യമായി നിയന്ത്രിക്കും. സ്പാഡെക്സ് വിക്ഷേപണം തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് ഇസോ അറിയിച്ചു.
ചന്ദ്രനിലേക്കുള്ള ദൗത്യങ്ങളും ബഹിരാകാശ നിലയത്തിന്റെ വളർച്ചയും ഉൾപ്പെടെ ഇന്ത്യയുടെ ഭാവി ബഹിരാകാശ ശ്രമങ്ങൾക്ക് ഈ ദൗത്യം നിർണായക പങ്കുവഹിക്കും. ബഹിരാകാശ മേഖലയുടെ സുപ്രധാന ചുവടുവയ്പ്പാണ് സ്പാഡെക്സ് വിക്ഷേപണം.